പ്രണയത്തിൽ വിരിഞ്ഞ ചെമ്പകപ്പൂക്കൾ

ഒരു ലവ് സ്റ്റോറി എന്ന സിനിമയാണ് ആ പണി പറ്റിച്ചത്. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ആണ് അന്ന് ഞാൻ. ചേട്ടൻ ഏഴിലോ എട്ടിലോ ആയിട്ടേ ഉള്ളു. ഒരു ലവ് സ്റ്റോറി എന്ന സിനിമയിൽ അന്ന് ആദ്യമായി ഒരു പയ്യൻ ഒരു പെണ്ണിനൊടു ” ഐ ലവ് യു” എന്ന് പറയുന്നത് കേൾക്കുന്നത്. അത് എനിക്ക് വലിയ ഇഷ്ടമായി. വലിയ എന്തോ തമാശ ആയി തോന്നുകയും ചെയ്തു.

ഞങ്ങളുടെ വീട്ടിൽ അന്ന് ടീവിയും വീസിആറും ഒന്നും ഇല്ലാത്തതു കൊണ്ട് അയല്പക്കത്തെ ഒരു വീട്ടിൽ അബദ്ധവശാൽ കണ്ടു പോയതാണ് ആ സിനിമ. അല്ലാണ്ട് വീട്ടിൽ നിന്ന് ഞങ്ങളെ ആ സമയത്തു മാമ്മാട്ടിക്കൂട്ടിയമ്മ പോലത്തെ സിനിമ അല്ലാതെ ഒരു ലവ് സ്റ്റോറിക്കൊന്നും കൊണ്ട് പോകില്ല.

അങ്ങിനെ ഇരിക്കുമ്പോ ഞാൻ അന്ന് ചേട്ടനോട് ആ ആഗ്രഹം പറഞ്ഞത്: ഒരു ലവ് ലെറ്റർ എഴുതണം. എന്നാൽ പിന്നെ അത് എഴുതീട്ടു തന്നെ കാര്യം എന്ന് ചേട്ടനും. അങ്ങിനെ ഞങ്ങൾ അപ്പുറത്തെ വീട്ടിലെ ഒരു മൂരാച്ചി പെണ്ണിന്ന് കത്തെഴുതാൻ തീരുമാനിച്ചു. ഒരു നോട്ടുപുസ്തകത്തിന്റെ നടുപേജ് വലിച്ചു കീറി അതിന്റെ ഒത്ത നടുക്ക് വലിയ അക്ഷരത്തിൽ ” ഐ ലവ് യു” എന്നെഴുതിയതിന് ശേഷം ആ പേപ്പർ കൊണ്ട് ഒരു റോക്കറ്റ് ഉണ്ടാക്കി അപ്പുറത്തെ വീട്ടിലേക്കു പറത്തി വിട്ടു. ലവ് ലെറ്റർ എഴുതുക എന്ന ലക്‌ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു എന്നതിനാൽ പിന്നെ തുടർ നടപടിക്കൊന്നും ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാലും അന്നത്തെ ഭാഷയിൽ പറഞ്ഞാൽ “ലൈൻ ഇടൽ” ” ലൈൻ അടി” കുറച്ചു കൂടി സാഹിത്യത്തിൽ പറഞ്ഞാൽ “പ്രേമം”   തുടങ്ങിയ വാക്കുകളിൽ ഞാൻ വല്ലാതെ ആകർഷിക്കപ്പെട്ടു  എന്നെ പറയേണ്ടു.

അങ്ങിനെ ഞാൻ ആറാം ക്ലാസ്സിൽ എത്തി. സ്കൂൾ തുറക്കുന്ന മഴ കാലത്തു ധാരാളമായി ക്ലാസ്സിലെ കുട്ടികൾ  വെള്ള ചെമ്പകപ്പൂവും ചുമന്ന ചെമ്പകപ്പൂവും എല്ലാം കൊണ്ടുവരുമായിരുന്നു. ഒരു ചെമ്പകപ്പൂ കിട്ടണം എന്ന് അതിയായ ആഗ്രഹം ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു നടന്നിരുന്ന കാലം.

അങ്ങിനെ ഇരിക്കുമ്പോൾ എനിക്കും കിട്ടി ഒരു ചുവന്ന ചെമ്പക പൂവ്. അത് തന്നത് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള ഒരു കോളനി യിലെ കൃഷ്ണൻ എന്ന ഒരു ഏഴാം ക്ലാസ് കാരൻ.  തൃശ്ശൂരിലെ പ്രസിദ്ധമായ കോളനി ആണത്. പണ്ട് ഞങ്ങളുടെ വീട്ടിൽ പുറം പണിക്കു വന്നിരുന്നവർ എല്ലാം അവിടെ ആണ് താമസിച്ചിരുന്നത്. ഇന്നിപ്പോൾ കഥ മാറി, പേരുകേട്ട സ്വർണ്ണ കച്ചവടക്കാർ എല്ലാം വലിയ മണിമാളിക പണിതു താമസിക്കുന്ന സ്ഥലം ആയി മാറി അത്.

സ്കൂൾ അവധി  ആയിരുന്നു അന്ന്. ചേട്ടൻ വലിയ സൈക്കിൾ പ്രാന്തൻ ആയിരുന്നത് കൊണ്ട് ചേട്ടന്റെ തന്നെ സൈക്കിൾ അഴിച്ചും പണിതും കൊണ്ടിരിക്കുകയായിരുന്നു. ഡാഡി മമ്മി വീട്ടിൽ ഇല്ല…. ജോലിക്കു പോയി. എനിക്ക് പ്രതേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും പഠിപ്പു എനിക്ക് അലര്ജി ആയതു കൊണ്ടും വീടിനു മുമ്പിൽ കൂടി കടന്നു പോകുന്നവരുടെ കണക്കെടുത്തു നേരം പോക്കി കൊണ്ടിരുന്നു.

കൃഷ്ണനെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ചേട്ടന്റെ സ്കൂൾ ഇൽ ആണ് പഠിക്കുന്നത്. എന്നെക്കാൾ ഒരു വര്ഷം മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ആണ്കുട്ടികളോടൊന്നും എനിക്ക് അത്രേ താല്പര്യം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ കോളേജിൽ പഠിക്കുന്ന ചേട്ടൻ മാരെ ഒക്കെയാണ് വലിയ ആരാധനയോടെ നോക്കിയിരുന്നത്.

അതുകൊണ്ടു തന്നെ ദൂരേന്നു കൃഷ്ണൻ നടന്നു വരുന്നത് കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ അടുത്തെത്തിയ കൃഷ്ണൻ കയ്യിലിരുന്ന ചുവന്ന ചെമ്പകപ്പൂവ് എനിക്ക് നീട്ടികൊണ്ടു വളരെ കൂൾ ആയി എന്നോട് പറഞ്ഞു :

” ഐ ലവ് യു”

അത് കേട്ടതും എന്റെ രണ്ടു കണ്ണുകൾ ബൾബ് പോലെ പുറത്തേയ്ക്കു തള്ളി പോയി. ചെമ്പകപ്പൂ കിട്ടണം എന്നുള്ള ആഗ്രഹം എന്നെ വല്ലാതെ മഥിക്കുണ്ടെങ്കിലും, ഈ “ഐ ലവ് യു” പ്രയോഗത്തിൽ ഞാൻ പതറിപ്പോയി. ഒരു നിമിഷത്തെ ആലോചനയ്‌ക്കൊടുവിൽ തല ശക്തമായി ചലിപ്പിച്ചു ചെമ്പകപ്പൂവ് വേണ്ടാന്ന് പറഞ്ഞു . ആദ്യത്തെ അനുഭവം ആയതു കൊണ്ട് പേടി കൊണ്ട് എന്റെ നാവിറങ്ങി പോയിരുന്നു.

ഗെയ്റ്റിന്റെ അവിടെ എന്തോ പന്തികേട് മണത്ത ചേട്ടൻ സൈക്കിൾ പണികിടയിൽ നിന്നും തല പുറത്തേക്കിട്ടു ഒരു ചോദ്യം.

” എന്താ അവിടെ?”

സംയമനം വീണ്ടെടുത്തെങ്കിലും പെരുമ്പറ കൊട്ടുന്ന പോലെയുള്ള ഹൃദയമിടിപ്പോടെ ഞാൻ പറഞ്ഞു:

” ഏയ് ഒന്നൂല്യ … കൃഷ്ണൻ എന്നോട് ചെമ്പക പൂവ് വേണോന്നു ചോദിച്ചതാ ഞാൻ വേണ്ടാന്ന് പറഞ്ഞു. ”

ഞാൻ നല്ല കുട്ടി ചമഞ്ഞു.

ചെമ്പകപ്പൂ എന്ന് കേട്ടതും ചേട്ടൻ സൈക്കിൾ പണി ഒക്കെ അവിടെ ഇട്ടിട്ട് എന്നോട് ചോദിച്ചു,

“ഏഹ്ഹ് … ചെമ്പകപ്പൂവോ? നിനക്ക് വാങ്ങായിരുന്നില്ലേ? നിനനക്കു വേണ്ടങ്കിലും എനിക്ക് വേണം അത് . വേഗം പോയി അത് വാങ്ങിട്ടു വാ “.

അപ്പോഴാണ് എന്റെ പോലെ തന്നെ ചേട്ടനും ചെമ്പകപ്പൂ കിട്ടാനുള്ള അതിയായ ആഗ്രഹം ഉണ്ടെന്നു ഞാൻ മനസിലാക്കിയത്.

ഞാൻ ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട പോലെ ആയി.  ചേട്ടനോട് ചെമ്പകപൂവിനൊപ്പമുള്ള ” ഐ ലവ് യു” ന്റെ കാര്യം പറഞ്ഞാൽ കൃഷ്ണന് അടി ഉറപ്പു, പക്ഷെ ചെമ്പകപ്പൂ വാങ്ങിയാൽ കൃഷ്ണന്റെ “ഐ ലവ് യു” ഞാൻ സ്വീകരിച്ച പോലെ ആവും. അതും പറ്റില്ല. ചെമ്പകപ്പൂ കിട്ടാനുള്ള അത്യാർത്തിയിൽ കണ്ണും ഉരുട്ടി മുന്നിൽ നിൽക്കുന്നു ചേട്ടൻ.

പിന്നെ ഒന്നും നോക്കിയില്ല….. വീടിന്റെ പുറകുവശത്തെക്കു ഓടി. വീടിനു പിന്നിലെ ചെറിയ ഇടവഴിയിലൂടെ പോകുന്ന കൃഷ്ണൻ നെ “ശൂ ശൂ ” എന്ന് വിളിച്ചു നിർത്തി. ചെമ്പകപ്പൂവിനെ ചൂണ്ടി കൊണ്ട് പറഞ്ഞു :

” അതിങ്ങട് തന്നോട്ട ”

ഒന്നും മിണ്ടാതെ കൃഷ്ണൻ മതിലിന്റെ പൊക്കത്തെക്കു കൈനീട്ടി ചെമ്പകപ്പൂ തന്നു. പൂ കിട്ടിയതും ഞാൻ ഓടിച്ചെന്നു ചേട്ടന് അത് കൊടുത്തു. ശേഷം ചേട്ടന്റെ മുഖത്തു വിരിഞ്ഞ ആഹ്ലാദം ആസ്വദിച്ചു നിന്നു . ആ നിമിഷത്തിൽ തന്നെ ഞാൻ കൃഷ്ണനെ മറന്നു പോയി.

പിന്നീട് പലപ്പോഴും ഞാൻ കൃഷ്ണനെ കണ്ടെങ്കിലും ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും ഞാൻ ഭാവിച്ചില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ കൃഷ്ണൻ വിവാഹിതൻ ആവുകയും 2 കുട്ടികളുടെ അച്ഛൻ ആവുകയും ചെയ്തു. പലപ്പോഴും കണ്ടെങ്കിലും ഈ ചെമ്പകപ്പൂ സംഭവം ഒരിക്കലും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.

കഴിഞ്ഞ അവധിക്കു ഞാൻ നാട്ടിൽ പോയപ്പോൾ പുറത്തു പോകാനായി അമ്മ എനിക്ക് ഏർപ്പാടാക്കി തന്നത് അയല്പക്കകാരനായ കൃഷ്ണന്റെ ഓട്ടോറിക്ഷ ആയിരുന്നു. മഴയിലൂടെ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഒരിക്കലെങ്കിലും യാത്രക്കാരിയായ എന്നോട് “സുഖമാണോ” എന്ന് കൃഷ്ണൻ ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷെ ഒന്നും മിണ്ടാതെ ആലോചനയിൽ മുഴുകി കൃഷ്ണൻ ഓട്ടോ ഓടിച്ചു കൊണ്ടിരിന്നു. ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ ഞാൻ കൊടുത്ത ഓട്ടോ വാടക വാങ്ങി മുഖത്തു പോലും നോക്കാതെ കൃഷ്ണൻ വണ്ടി തിരിച്ചു.

 

 

 

Advertisements
Standard

വിനോദ് ഖന്നയും കാർത്തികയും. മാൽദീവ്‌സ് കഥകൾ – 5

എന്റെ ജീവിതത്തിൽ അപൂർവമായി മാത്രമേ ഭാഗ്യം എന്നൊരു സാധനം അനുഭവപെട്ടിട്ടുള്ളു. അതിൽ ഒരു പ്രധാന ഭാഗ്യം സംഭവിച്ചത് ഞാൻ മാൽദീവ്‌സ് ഇൽ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ആണ്,  ഇന്ത്യൻ പ്രധാന മന്ത്രിയെ വളരെ അടുത്ത് കാണാൻ ഉള്ള ഒരു ഭാഗ്യം.  2002 ഇലോ 2003 ലോ ആണെന്നാണ് എന്റെ ഓർമ്മ. ശ്രീ അടൽ ബിഹാരി വാജ്‌പേയ് ആയിരുന്നു അന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി. മാൽദീവ്‌സിൽ ഉള്ള ഇന്ത്യയുടെ താജ് റിസോർട് ഇൽ അന്ന് വാജ്‌പേയും, ടൂറിസം മിനിസ്റ്റർ ആയിരുന്ന വിനോദ് ഖന്നയും കേന്ദ്ര ആരോഗ്യമന്ത്രി ആയിരുന്ന എ. രാജയും കൂടാതെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവും വരുന്നുണ്ട്.

മാലെ സ്കൂളുകളിൽ ജോലി ചെയ്തിരുന്ന തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അധ്യാപകർക്ക് പ്രത്യേക ക്ഷണം പ്രകാരം മാത്രം വി.ഐ.പി കളെ കാണാം. അമ്മയ്ക്ക് ക്ഷണം കിട്ടി, എനിക്ക് കിട്ടീല. വി.ഐ.പി കളെ ഇത്രേം അടുത്ത് കാണാൻ ഉള്ള അവസരം വെറുതെ നഷ്ടപ്പെടുത്താൻ എന്റെ മനസ് അനുവദിച്ചില്ല. ആ കാലത്തു പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു പേരായിരുന്നു നിരുപമ റാവുവിന്റെ . ഒരു സ്ത്രീ അത്തരം സ്ഥാനത്തിരിക്കുന്ന എന്ന നിലയിൽ അവരെ ഞാൻ ഒരുപാടു ആരാധനയോടെ ആണ് നോക്കി കണ്ടിരുന്നത്. അവരെ മാത്രം അല്ല, ഒരു ഹിന്ദി സിനിമ നടനെ ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല, ഇനി കാണാൻ കഴിയൊന്നും അറിയില്ല. അത് കൊണ്ട് തന്നെ എങ്ങിനെ എങ്കിലും ഈ പരിപാടിക്ക് എനിക്ക് പോയെ പറ്റൂ.ഇന്ത്യൻ ഹൈ കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു സാർ നെയും കുടുംബത്തെയും എനിക്ക് വളരെ അടുത്ത് പരിചയം ഉണ്ടായിരുന്നു. ഞാൻ സാറിനോട് പറഞ്ഞു ഒരു ഇൻവിറ്റേഷൻ എനിക്കും സംഘടിപ്പിച്ചു.

മാലെ യിൽ നിന്ന് റിസോർട് നിൽക്കുന്ന ദ്വീപിലേക്ക്‌ ഒരു പ്രത്യേക ബോട്ടിൽ ടീച്ചർ മാരെ എല്ലാം കൂടെ കൊണ്ടുപോയി. മൊബൈൽ ഫോണോ ക്യാമറയോ ഒന്നും തന്നെ കൊണ്ട് പോകരുത് എന്ന് പ്രത്യേക നിർദേശം കിട്ടിയിരുന്നു. പ്രധാന മന്ത്രിയുടെ കൂടെ അല്ലെങ്കിലും, വിനോദ് ഖന്നയുടെ കൂടെ എങ്കിലും നിന്ന് ഒരു ഫോട്ടോ എടുക്കുക എന്ന സ്വപ്നം തകർന്നുടഞ്ഞു പോയി. പേഴ്സ് പോലും എടുക്കരുത് എന്നാണ് പറഞ്ഞത്. വലിയ സുരക്ഷാ സന്നാഹങ്ങൾ ആയിരുന്നു. സെക്യൂരിറ്റി ബാറ്റൺ ഉപയോഗിച്ച് ദേഹ പരിശോധന നടത്തി ഓരോരുത്തരെ ആയി ഒരു വലിയ ഹാളിലേക്കു കടത്തി വിട്ടു.

അധ്യാപകരല്ലാം ഹാളിൽ അക്ഷമരായി കാത്തു നിന്നു. എന്നെക്കാൾ പ്രായം കൂടിയ അധ്യാപകർ ആയിരുന്നു മിക്കവാറും എങ്കിലും സ്കൂൾ കുട്ടികളെ പോലെ ഉള്ള അക്ഷമ പ്രകടിപ്പിക്കുന്നവരായിരുന്നു മിക്കവരും. എന്നെ പോലെ തന്നെ രാജ്യത്തിൻറെ പ്രധാന മന്ത്രിയെ ആദ്യമായി ആണ് അവരും നേരിൽ കാണാൻ പോകുന്നത് എന്നത് പ്രകടമായിരുന്നു. അതിന്റെ എല്ലാ ഉത്സാഹവും, ആകാംഷയും അവരുടെ ഭാവത്തിലും പ്രവർത്തികളിലും പ്രതിഫലിച്ചിരുന്നു.

പെട്ടന്ന് പ്രധാനമന്ത്രി വാജ്‌പേയും, ടൂറിസം മന്ത്രി വിനോദ് ഖന്നയും, ആരോഗ്യ മന്ത്രി രാജയും നിരുപമ റാവു വിന്റെ അകമ്പടിയോടെ മുറിയിലേക്ക് കടന്നു വന്നു. അധ്യാപകരുടെ മുമ്പിലാണെങ്കിലും ഒരു കൈ അകലം പാലിക്കുന്നതാണ് അവരുടെ ആരോഗ്യത്തിനു നല്ലതു നല്ലതു എന്നുള്ളത് കൊണ്ടാവാം ആ ഹാളിലെ സ്റ്റേജ് ഇൽ ആണ് അവർ നിന്നതു. ഇരിക്കാൻ അവർക്കോ ഞങ്ങൾക്കോ ഒരു കസേര പോലും ആ മുറിയിൽ ഉണ്ടായിരുന്നില്ല.

VIP  കളെ കണ്ടപ്പോൾ അധ്യാപകർ അധ്യാപകർ അന്നെന്നുള്ള കാര്യം മറന്നു, കുട്ടികളെ പോലെ ഒച്ച എടുത്തു. ആർക്കും സന്തോഷം അടക്കാൻ കഴിയുന്നില്ല. വളരെ അനൗപചാരികമായി ഒരു കൂടിക്കാഴ്ച ആയിരുന്നു അത്. പ്രധാനമന്ത്രി അധ്യാപകരോട് പറഞ്ഞതിന്റെ രത്നചുരുക്കം ഇതാണ് :

” പ്രിയപ്പെട്ട അധ്യാപകരെ, നിങ്ങൾ ഈ അയൽ രാജ്യത്തു വന്നു എല്ലു മുറിഞ്ഞു ജോലി എടുത്തു പണം സമ്പാദിച്ചു NRI  ക്യാറ്റഗറിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. എങ്കിലും എന്ത് കൊണ്ട് നിങ്ങൾക്കു ഇന്ത്യയിൽ വന്നു ഇത് പോലെ എല്ലു മുറിഞ്ഞു ജോലി എടുത്തു കൂടാ”

ഇത് കേട്ട അധ്യാപകർ ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ പകച്ചു നിന്ന് പോയി. അത്രേ നേരം ഉണ്ടായിരുന്ന ആവേശം എല്ലാം ഒരു നിമിഷം കൊണ്ട് ആവിയായി പോയ പോലെ മുറിയിലാകെ ഒരു നിശബ്ദത പരന്നു .

പെട്ടന്നാണ് ഒരു മിടുക്കി ടീച്ചർ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അതിന്നു ഉത്തരം പറഞ്ഞത്.

” ബഹുമാനപെട്ട പ്രധാനമന്ത്രി ജി, ഞങ്ങൾ ഇവിടെ എല്ലു മുറിഞ്ഞു ജോലി എടുക്കുന്ന പോലെ ഇന്ത്യയിൽ വന്നും ജോലി ചെയ്യാം, പക്ഷെ ഞങ്ങളുടെ അധ്വാനം പാഴായി പോകുന്ന തരത്തിലുള്ള അഴിമതി ആണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ എല്ലാ മേഖലയിലും ഉള്ള അഴിമതികൾ നിർത്തലാക്കും എന്ന് അങ്ങ് ഞങ്ങൾക്ക് വാക്ക് തന്നാൽ ഞങ്ങൾ ഇവിടെ എടുക്കുന്ന ജോലിയെക്കാളും രണ്ടിരട്ടി ജോലി ഇന്ത്യയിൽ വന്നു എടുത്തു കൊള്ളാം “

ഇപ്രാവശ്യം ഞെട്ടിയത് പ്രധാനമന്ത്രിജി തന്നെ ആയിരുന്നു. അദ്ദേഹം അങ്ങിന്നെ ഒരു ഉത്തരം ഒരിക്കലും പ്രതീക്ഷിച്ചു കാണാൻ വഴിയില്ല. ആ മിടുക്കി ടീച്ചറുടെ ഉത്തരം കേട്ട് മറ്റു അധ്യാപകർ എല്ലാം ഹർഷപുളകിതരായി എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. പ്രധാനമന്ത്രിജിയോട് ഉത്തരം പറഞ്ഞു അധ്യാപകരുടെ മാനം കാത്ത ആ മിടുക്കി ടീച്ചറെ മറ്റു അധ്യാപകർ എല്ലാം വളരെ ഏറെ കൃതജ്ഞതയോടെ നോക്കി.

അങ്ങിന്നെ ആ ടീച്ചർ വിനോദ് ഖന്നയേക്കാൾ വലിയ സ്റ്റാർ ആയി തിളങ്ങി നിൽക്കുമ്പോൾ സംഭവം പന്തിയല്ല എന്ന് കണ്ട ആരോഗ്യ മന്ത്രി ശ്രീ രാജ അവറുകൾ സംഗതിയുടെ ഗതി തിരിച്ചു വിടാൻ ശ്രമിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് മാൽദീവ്‌സ് ഇൽ കൂടുതലായി കണ്ടു വരുന്ന തലസീമിയ എന്ന ഒരു അസുഖത്തെ കുറിച്ചായിരുന്നു.

എനിക്ക് മന്ത്രി രാജയോട് കുറച്ചു പുച്ഛം തോന്നി. കേന്ദ്ര ആരോഗ്യമന്ത്രി ആയിട്ടു പോലും തലസീമിയ എന്താണെന്നറിയില്ല? രക്തത്തിൽ വരുന്ന ഒരു അസുഖമാണ് തലസീമിയ . അത് വരുന്ന ആളുകൾ വിളറി വെളുത്തു വെള്ള പേപ്പർ പോലെ കാണപ്പെടും. അത് അച്ഛനന്മ്മമാരിൽ നിന്നും മക്കൾക്ക് ലഭിക്കുന്ന ഒരു ജനിതക രോഗമാണ്. ഞാൻ തലസീമയെ കുറിച്ച് ഇത്രേം മനസിലാക്കിയത് ഞാൻ പഠിപ്പിച്ചിരുന്ന ഒന്ന് രണ്ടു കുട്ടികൾ തലസീമ രോഗികൾ ആയിരുന്നെന്നു കൊണ്ടാണ്. മാൽദീവ്‌സ് ഇൽ പോയിരുന്നില്ലെങ്കിൽ ഞാൻ അങ്ങിനെ ഒരു രോഗത്തെ കുറിച്ച് ഒരിക്കലും കേൾക്കില്ലായിരുന്നു എന്നെനിക്കു തോന്നുന്നു. . എനിക്ക് സത്യം പറഞ്ഞാൽ മന്ത്രി രാജയോട് പുച്ഛം തോന്നേണ്ട ഒരു കാര്യവും ഇല്ല. പുള്ളി മന്ത്രി അല്ലെ,  അല്ലാതെ ഡോക്ടർ അല്ലല്ലോ ഇതൊക്കെ അറിയാൻ. ഞാൻ വിചാരിച്ചു സർക്കാരിന്റെ ഓരോ വകുപ്പിന്റെ മന്ത്രിമാരും ആ വകുപ്പിൽ ജോലി പരിചയം ഉള്ളവർ ആയിരിക്കേണ്ടേ? ചുമ്മാ ആലോചിച്ചു എന്ന് മാത്രം.

മന്ത്രി രാജയുടെ ചോദ്യം കേൾക്കേണ്ട താമസം തലസീമയെകുറിച്ചു അദ്ദേഹത്തിന് വിശദമായ ക്ലാസ് എടുക്കാൻ തുടങ്ങി അദ്ധ്യാപകർ. അധ്യാപകരല്ലേ ആൾകാർ, ആരെ എപ്പോ പഠിപ്പിക്കാൻ കിട്ടും എന്ന് തിരഞ്ഞു നടക്കുന്നവർ. തലസീമയെ കുറിച്ച് അധ്യാപകരുടെ വിശദീകരണം കേട്ട് മന്ത്രിക്കു തലചുറ്റി എന്ന് തോന്നി, ആ ചോദ്യം വല്ല ഡോക്ടർ മാരോട് ചോദിച്ചാൽ മതിയായിരുന്നു എന്നൊരു വീണ്ടു വിചചാരം അദ്ദേഹത്തിനുണ്ടായി എന്ന് തോന്നി അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന്.

മന്ത്രി രാജയെ ആ ഊരാക്കുടുക്കിൽ നിന്ന് രക്ഷിക്കാനായി എന്തായാലും പ്രധാനമന്ത്രി തന്നെ കാര്യങ്ങൾ കൈയിലെടുത്തു. വിനോദ് ഖന്നയുടെ ഗ്ലാമർന്നു മുമ്പിൽ തങ്ങൾക്കു പിടിച്ചു നിൽക്കാൻ ആവില്ലെന്നറിഞ്ഞ പ്രധാനമന്ത്രിയും മന്ത്രി രാജയും വിനോദ് ഖന്നയെ അധ്യാപകരുടെ കൂട്ടത്തിൽ വിട്ടിട്ടു അരങ്ങത്തു നിന്ന് വിട വാങ്ങി. അധ്യാപകരുടെ ഇടയിലേക്ക് ഇറങ്ങി വന്ന വിനോദ് ഖന്ന ചെന്നായ കൂട്ടത്തിൽ പെട്ട ആട്ടിൻകുട്ടിയെ പോലെ തോന്നിച്ചു.

അവിടെ അപ്പോഴേക്കും ഭക്ഷണം വിളമ്പാൻ തുടങ്ങിയതോണ്ട് ഞാൻ വേഗം ആ ഭാഗത്തേയ്ക്ക് എന്റെ ശ്രദ്ധയെ തിരിച്ചു. അല്ലെങ്കിലും ഫോട്ടോ എടുത്തു നാലു പേരെ കാണിച്ചു പൊങ്ങച്ചം അടിക്കാൻ സ്കോപ്പ് ഇല്ലാത്തതു കൊണ്ടുണ് പിന്നെ എനിക്ക് വിനോദ് ഖന്നയുടെ അടുത്തേക്ക് പോകണം എന്നും തോന്നിയില്ല എന്നതും ഒരു വാസ്തവം ആണ്.  (അല്ലാണ്ട് എനിക്ക് ഹിന്ദിയിൽ അത്രേ പ്രാഗൽഭ്യം പോരാത്തത് കൊണ്ടൊന്നും അല്ലാട്ടാ) .  എങ്കിലും ഭക്ഷണം കഴിക്കുമ്പോൾ എല്ലാം ഞാൻ വിനോദ് ഖന്നയെ ദൂരെ നിന്ന് നോക്കി നിർവൃതി അടഞ്ഞു. എന്തൊരു പൗരുഷം, എന്തൊരു സൗന്ദര്യം. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും സുന്ദരനായ പുരുഷൻ ആണ് അന്നും ഇന്നും വിനോദ് ഖന്ന.

അങ്ങിന്നെ കണ്ണ് നിറഞ്ഞും വയർ നിറഞ്ഞും ആ രാത്രി എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഓർമ്മ സമ്മാനിച്ചു.

ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു ചെറിയ കാര്യം കൂടെ പറയാം. നമ്മുടെ സിനിമ നടി കാർത്തിക യെ ഓർമ്മയുണ്ടോ? ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, താളവട്ടം എന്ന സിനിമകളിൽ മോഹൻ ലാൽ ന്റെ കൂടെ അഭിനയിച്ചത്? അവരും മാൽദീവ്‌സ് ഇൽ ഉണ്ടായിരുന്നു. എനിക്ക് അവരെ പരിചയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും അവരെ കാണുമ്പോൾ ഒക്കെ നമ്മുടെ നാടോടിക്കാറ്റിൽ  ശ്രീനിവാസൻ സീമയെ കാണുമ്പോൾ “കണ്ണും കണ്ണും” എന്ന പാട്ടു ഓർക്കുന്ന പോലെ, “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന പാട്ടു ഓർമ വരുമായിരുന്നു.

എന്റെ കൂടെ പഠിപ്പിച്ചിരുന്ന ഒരു ടീച്ചർ ജുജൂവിനു  അവരെ വളരെ അടുത്ത് അറിയാമായിരുന്നു. ജുജൂ പറഞ്ഞു കാർത്തികയ്ക്കു അവർ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്നു എന്നുള്ളത് ഓർക്കാൻ തന്നെ ഇഷ്ടമില്ല എന്നും, അങ്ങിന്നെ അവരെ ആരും കാണുന്നത് തന്നെ അവർക്കു ഇഷ്ടമുള്ള കാര്യം അല്ല എന്നും, അവരുടെ പേര് സുനന്ദ എന്നാണെന്നും, കാർത്തിക എന്ന് വിളിക്കുന്നത് പോലും അവർക്കു വെറുപ്പാണെന്നും ഒക്കെ. അത് കൊണ്ടൊക്കെ യാണ് ഒരിക്കൽ ബാങ്കിൽ വെച്ച് കണ്ടപ്പോൾ ഞാൻ അവരോടു “സുന്ദന്ദ അല്ലെ? ജുജൂ ന്റെ ഫ്രണ്ട് ” എന്ന് ചോദിച്ചു പരിചയപ്പെട്ടത്. ഞാൻ സിനിമയിൽ ഒന്നും നിങ്ങളെ കണ്ടിട്ടേ ഇല്ല എന്ന ഭാവം ആയിരുന്ന് എനിക്ക്. എന്റെ അഭിനയം അവർക്കു മനസിലായി എന്ന് എനിക്കും മനസിലായി. എന്നാലും ഒന്നും അറിയാത്തത് പോലെ സിനിമയിൽ കണ്ട ആ സുന്ദരമായ ചിരി സമ്മാനിച്ച് കൊണ്ട് അവർ എന്നെ കൂടുതൽ പരിചയപെട്ടു.

ഞങ്ങൾ താമസിച്ചിരുന്ന മുറിയുടെ അടുത്ത് തന്നെ ആയിരുന്നു അവരുടെ വീട്. അവരുടെ ഭർത്താവ് മാൽദീവ്‌സ് ഇൽ ഉള്ള ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ ഡോക്ടർ ആയിരുന്നു. അവിടെ മുറ്റം തൂത്തു വൃത്തിയാക്കുക, പച്ചക്കറി വാങ്ങിക്കുക, മകനെ സ്കൂൾ ഇൽ കൊണ്ട് വിടുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു കൊണ്ട് മറ്റേതൊരു വീട്ടമ്മയെ പോലെ ഒതുങ്ങി കൂടി ആ കലാകാരി ജീവിച്ചു.

അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും, ടെന്നീസ് കളിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് അവർ എന്ന് എപ്പോഴോ എവിടെയോ വായിച്ചിട്ടുണ്ട്. അവർ ഒരു സാധാരണ വീട്ടമ്മ യായി ഒതുങ്ങി കൂടുന്നത് കാണുമ്പോൾ പലപ്പോഴും വേദന തോന്നിയിട്ടുണ്ട്. ഒരു പക്ഷെ അവർക്കു ഭർത്താവിന്റെയും മകന്റെയും കാര്യങ്ങൾ നോക്കി ജീവിക്കുന്നതായിരിക്കും സംതൃപ്തി നൽകുന്ന ജീവിതം, അവർ ജീവിച്ചോട്ടെ എന്ന് ഞാൻ എന്നെ തന്നെ തിരുത്താറുണ്ട്.

അവർ എന്നെ എവിടെ കണ്ടാലും ഓടി വന്നു വിശേഷങ്ങൾ അന്വേഷിക്കാറുണ്ടെങ്കിലും അവരോടുള്ള ഒരു ബഹുമാനം കാരണം അവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ എനിക്ക് ഒരു സങ്കോചം ഉണ്ടായിരുന്നു. എങ്കിലും എന്റെ വിവാഹ ശേഷം ഫിലിപ്പ് മാഷുമായി ഞാൻ മാൽദീവ്‌സ് സന്ദർശിച്ച സമയത്തു വഴിയിൽ വെച്ച് കാർത്തികയേ കാണുകയും എനിക്ക് എന്റെ ഭർത്താവിനെ അവർക്കു പരിചയപ്പെടുത്താൻ കഴിയുകയും ചെയ്തു. ഫിലിപ്പ് മാഷിന്റെ കണ്ണ് തള്ളി പോയി, എനിക്ക് ഫിലിപ്പ് മാഷിന്റെ മുമ്പിൽ കുറച്ചു ഗമ കാണിക്കാനുള്ള ഒരു കാര്യവും തദവസരത്തിൽ ലഭിച്ചു എന്ന് പ്രത്യേകിച്ച് പറയേണ്ടലോ.

 

 

Standard

മാൽദീവ്‌സിലെ ഭക്ഷണങ്ങൾ – പാർട്ട് 4

short eatsമറ്റു രാജ്യങ്ങളിൽ നിന്നും മാൽദീവ്‌സിൽ പഠിപ്പിക്കാൻ വന്നിട്ടുള്ള മിക്കവാറും അധ്യാപകരും  അവിടെ കാറ്ററിംഗ് നടത്തുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങുകയാണ് പതിവ്. സ്ഥല പരിമിതിയും സമയക്കുറവുമാണ് മുഖ്യ കാരണങ്ങൾ . എനിക്കും അമ്മയ്ക്കും കൂടെ ഒരു ഓർഡർ ഭക്ഷണം വാങ്ങിയാൽ ധാരാളമായി. പ്രാതലിന് ഇഢലിയോ, ദോശയോ, അപ്പമോ, എന്തെങ്കിലും. ഉച്ചയ്ക്ക് ചോറ് മീൻകറി തോരൻ തുടങ്ങിയവ. രാത്രി കഴിക്കാൻ ചപ്പാത്തിയും മീൻ കറിയോ അല്ലെങ്കിൽ കേരളത്തിന്റെ സ്വന്തം ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും ആയിരിക്കും മിക്കവാറും . മീൻ കറി എന്നും ഉണ്ടാവും, കാരണം മാൽദീവ്‌സ് മീനിന്റെ നാടാണല്ലോ. നമ്മുടെ നാട്ടിൽ ചൂര എന്ന് വിളിക്കുന്ന ട്യൂണ മീൻ മാത്രമേ കിട്ടുള്ളു എന്ന് മാത്രം. പീസ മുതൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ചുക്കുണ്ട പോലത്തെ സാധനം വരെ ട്യൂണമീൻ വെച്ച് ഉണ്ടാക്കും മാൽദീവ്‌സ് കാർ. ട്യൂണ കാനിങ്ങും കയറ്റുമതിയും മാൽദീവ്‌സ് ലെ വലിയ ഒരു കച്ചവടങ്ങൾ ആണ്.

തടിയും പൊക്കവും കുറഞ്ഞ കൃശഗാത്രികൾ ആണ്‌ ഏകദേശം മുപ്പതു വയസു വരെ മാൽഡീവിൻ സ്ത്രീകൾ എങ്കിൽ മദ്ധ്യവയസാരായ സ്ത്രീകൾ ആവശ്യത്തിലധികം തടിച്ച ശരീരപ്രകൃതി ഉള്ളവരായിരുന്നു. സ്കൂളിലെ ഇന്റർവെൽ ന്നു സ്കൂൾ കാന്റീനിൽ നിന്നും ട്യൂണ പലഹാരങ്ങൾ അടിച്ചു വിട്ടിട്ടാണ് അവർ അങ്ങിനെ ആയതു എന്ന് തോന്നും ചിലപ്പോ കണ്ടാൽ. ചെറുപ്പക്കാരി ടീച്ചർമാർ ഇന്റർവെൽ ന്നു ക്യാന്റീനിൽ നിന്നും സ്നാക്ക് വിഭാഗത്തിൽ പെട്ട ഗുള, മസ്‌റോഷി, ബിസ്‌കീമിയ, ബോകിബ തുടങ്ങിയ പലഹാരങ്ങൾ ആവോളം അകത്താക്കും. അവരതിനെ “short eats” എന്ന ചെല്ല പേരിട്ട വിളിച്ചിരുന്നെ. എല്ലാ പലഹാരങ്ങളും ട്യൂണ മീൻ കൊണ്ടുണ്ടാക്കിയതാണെന്നാണ് അത്ഭുതം. Short eats എന്നാണ് പേരെങ്കിലും ആ എണ്ണയിൽ മുക്കി പൊരിച്ച പലഹാരങ്ങൾ ഒരു പാത്രത്തിൽ കഴിക്കുന്ന ആളുടെ മുഖം കാണാൻ കഴിയാത്ത വിധത്തിൽ കൂമ്പാരമായി കഴിച്ചുകൊണ്ടിരിക്കുന്ന കൃശഃഗാത്രികളെ കാണുമ്പോൾ, ഭക്ഷണത്തിന്റെ കാറ്റടിച്ചാൽ വണ്ണം കൂടുന്ന എനിക്ക് അസൂയ എന്ന മൂന്നക്ഷരം എവിടോന്നൊക്കെയോ കേറി വരും.  ഇതെഴുതുമ്പോൾ അതിന്റെ ഒക്കെ രുചി ഓർത്തു എനിക്ക് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നുണ്ട് കേട്ടോ.

ഭക്ഷണത്തിന്റെ കാര്യം പറഞ്ഞപോഴാ ഓർത്തെ, അവിടുത്തെ ഏറ്റവും വലിയ ഡെലികസി “റിഹാക്കുരു” എന്ന ഒരു സാധനം ആണ്. ട്യൂണ മീൻ ഒരു വലിയ പാത്രത്തിൽ ഒരുപാടു വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു കുറുക്കി കുറുക്കി എടുക്കുന്ന ഒരു സാധനം. അവസാനം കിട്ടുന്ന സാധനത്തിനു നമ്മുടെ നാട്ടിൽ ഇഞ്ചം പുളി അല്ലെങ്കിൽ പുളിയിഞ്ചി എന്ന് പറയുന്ന സാധനവുമായി സാമ്യമുണ്ട്. പക്ഷെ പുളിയിഞ്ചി യുടെ പോലെ മധുരം ഉണ്ടാവില്ല, പകരം കയ്പ്പായിരിക്കും. ഒരിക്കൽ കൊല്ലവസാനം ട്യൂഷൻ എടുക്കുന്ന കുട്ടിയുടെ ‘അമ്മ വളരെ സ്നേഹത്തോടെ എനിക്ക് ഒരു കുപ്പി റിഹാക്കുരു തന്നു. കായ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. അവരതു ഉണ്ടാക്കിയെടുക്കാൻ പെട്ട പാട് ഓർക്കുമ്പോൾ അത് അവരോടു വേണ്ട എന്ന് പറയാനും വയ്യ എന്നാൽ അത് എനിക്ക് കഴിക്കാനും വയ്യ. അവസാനം ആ കുപ്പി റിഹാക്കുരു ഞാൻ ട്യൂഷൻ എടുക്കുന്ന മറ്റൊരു കുട്ടിക്ക് കൊല്ലവസാനം സ്നേഹപൂർവ്വം സമ്മാനിച്ച് കൊണ്ട് അതിൽ നിന്ന് തല ഊരി .

മറ്റൊരു മുഖ്യ സാധനം നമ്മുടെ മുരിങ്ങയുടെ ഇല ഉണക്കമുളകും ഇട്ടു വറുത്തു കോരിയതാണ്. ചോറ് കൂടി കഴിക്കാൻ നല്ല സ്വാദാണ് അതിന്നു. എല്ലാ കടകളിലും ചെറിയ ചെറിയ പ്ലാസ്റ്റിക് പാക്കറ്റ്റ്റുകളിൽ അത് വാങ്ങാൻ കിട്ടും. നമ്മുടെ മുറ്റത്തു ചുമ്മാ നിൽക്കുന്ന മുരിങ്ങ ഇലയ്ക്ക് ഇത്രേം ഡിമാൻഡ് ഉണ്ടെന്നു അന്നാണ് മനസിലായത്. ഇപ്പൊ പക്ഷെ സായിപ്പുമാരും അതിന്റെ ഗുണം മനസിലാക്കി തുടങ്ങി കേട്ടോ, ഗുള്ളിയ പരുവത്തിൽ വരെ മുരിങ്ങ ഇല കിട്ടുന്നുണ്ട്. കാനഡയിലെ ജോലി ഒക്കെ വേണ്ടാന്ന് വെച്ച് കേരളത്തിൽ വന്നു മുരിങ്ങ  കച്ചോടം തുടങ്ങിയാലോ എന്ന് വരെ ഞാൻ ആലോചിക്കായ്കയില്ല!

ഉച്ചയുറക്കം കഴിഞ്ഞാൽ മൂന്നര നാലുമണിയോടെ ഞാൻ ട്യൂഷൻ എടുക്കാൻ പോകും.  കുട്ടികളുടെ വീട്ടിൽ പോയി വേണം ട്യൂഷൻ എടുക്കാൻ. ശമ്പളത്തേക്കാൾ കൂടുതൽ പൈസ കിട്ടും ട്യൂഷൻ എടുത്താൽ. ആഴ്ചയിൽ മൂന്ന് ദിവസം ഓരോ മണിക്കൂർ വെച്ച് ഒരു കുട്ടിക്ക് എന്ന കണക്കിൽ മാറി മാറി എടുക്കാം. മലയാളികളെ പോലെ തന്നെ വളരെ സൽക്കാര പ്രിയരാണ് മാൽദീവ്‌സ് കാർ . ട്യൂഷൻ എടുക്കാൻ പോകുന്ന വീട്ടിൽ ഒക്കെ കൃത്യമായി എല്ലാ ദിവസവും കാപ്പിയോ ചായയോ പലഹാരമോ ഓകെ അധ്യാപകർക്ക് ആ വീട്ടുകാർ കൊടുക്കും.

കാപ്പിയും ചായയും കൂടാതെ കൊല്ലവസാനം (year end), ടീച്ചേർസ് ഡേ, ബർത്ഡേയ് തുടങ്ങിയ വിശേഷ അവസരങ്ങളിൽ ട്യൂഷൻ ടീച്ചർ മാർക്ക് വിലകൂടിയ പെർഫ്യൂം, ഉടുപ്പ്, ചോക്ലേറ്സ് തുടങ്ങിയ വസ്തുക്കൾ സമ്മാനമായി നൽകാറുമുണ്ട്. അതുകൊണ്ടു ട്യൂഷൻ എടുക്കാൻ പോകാൻ എനിക്ക് പ്രത്യേക താല്പര്യമായിരുന്നു. പ്രത്യേകിച്ച് റംസാൻ നോയമ്പ് കാലത്താണെങ്കിൽ പറയേം വേണ്ട, ഇഷ്ടം പോലെ പലവിധത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി തരും അവർ. പൊതു സ്ഥലങ്ങളിൽ വെച്ച് നോയമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ പാടില്ലെങ്കിലും നമ്മുടെ മുറിയിൽ പുറത്തു ആരും കാണാതെ കഴിക്കുന്നത് കൊണ്ട് ഒരു വിരോധവും അവർക്കുണ്ടായിരുന്നില്ല. ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ രാത്രി 10 മണിയോ 11 മണിയോ ഒക്കെ ആവും. എന്നാലും ഒറ്റയ്ക്ക് സ്ത്രീകൾക്ക് സഞ്ചരിക്കാൻ ഭയപ്പെടേണ്ട ആവശ്യം ഇല്ല. കടകൾ എല്ലാം രാത്രി പന്ത്രണ്ടര – ഒരു മണി വരെ വരെ തുറന്നിരിക്കും.

മാൽദീവ്‌സ്‌കർക്കു മീൻ കച്ചവടം മാത്രമേ ഉള്ളു എങ്കിലും സിങ്കപ്പൂർ മലേഷ്യ ഓസ്ട്രേലിയ ഒക്കെ അവർക്കു കുടുംബ വീട് പോലെയാണ്. അത്കൊണ്ട് തന്നെ മാൽദീവ്‌സിലെ കടകളിൽ ആ സ്ഥലങ്ങളിൽ കിട്ടുന്ന സോപ്പ് ഷാംപൂ ഡിയോഡറന്റ് എല്ലാ വസ്തുക്കളും കിട്ടുമായിരുന്നു. ഞാനും അമ്മയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്താണ് പെർഫ്യൂം കട. എന്തെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ ഞാൻ അവിടെ കയറി ടോമി ഹിൽഫിഗർ, ബോസ് തുടങ്ങിയ ഉഗ്രൻ പെർഫ്യൂമുകളുടെ ടെസ്റ്റർ എടുത്തു പൂശി നല്ല മിടുക്കി ആയാണ് പോകുന്നത്.

ചെറിയ സ്ഥലത്താണ് ജീവിക്കുന്നത് എന്നത് കൊണ്ടാണോ എന്നറിയില്ല മാൽദീവ്‌സ്‌കാർ വൃത്തിയുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. നമ്മുടെ നാട്ടിൽ കാണുന്ന പോലെ വഴിയരികിൽ മൂത്രം ഒഴിക്കുക, തുപ്പുക എന്നിവയൊന്നും അവിടെ കണ്ടിട്ടേ ഇല്ല. മാത്രമല്ല ടീച്ചർമാർ കുട്ടികൾക്ക് ശാരീരിക ശുചിത്വത്തെ കുറിച്ച് ബോധവത്കരിക്കേണ്ടതായുണ്ട്. ശരീര ദുർഗന്ധം ഇല്ലാതിരിക്കാൻ എല്ലാ ദിവസവും കുളിക്കുകയും ഡിയോഡ്രന്റ് ഉപയോഗിക്കുകയും വസ്ത്രം മാറുകയും ചെയ്യണമെന്നു ടീച്ചർമാർ കുട്ടികളെ ഓര്മിപ്പിക്കേണ്ടതായുണ്ട്. ആദ്യം എനിക്ക് കുട്ടികളോട് അതൊക്കെ പറയാൻ വലിയ പ്രയാസം ആയിരുന്നു, പിന്നെ പിന്നെ അതൊക്കെ ശീലമായി. വഴിയിൽ കൂടി നടന്നു പോകുമ്പോൾ അടുത്ത് കൂടെ പോകുന്ന ആളെ വിയർപ്പു മണക്കുന്നു എങ്കിൽ ഞാൻ ചുമ്മാ ഒന്ന് നോക്കും, ഇന്ത്യക്കാരനോ എന്നറിയാനാണ്. മിക്കവാറും എന്റെ ഊഹം തെറ്റാൻ വഴിയില്ല.

ഇന്ത്യൻ അദ്ധ്യാപകരോടുള്ള ദേഷ്യം തീർക്കാൻ മാൽഡീവിൻ കുട്ടികൾ എടുത്തുപയോഗിക്കുന്ന മുഖ്യ ആയുധമാണ് ഈ വൃത്തിയുടെ കാര്യം. ദേഷ്യം വരുമ്പോൾ ഒക്കെ അവിടുത്തെ കുട്ടികൾ പറയുന്ന ഒരു വാക്യമാണ് ” India is a cow dung country ” എന്ന്. നല്ല ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ ” ഇന്ത്യ ഒരു ചാണക കുഴി” ആണെന്ന്. മാൽദീവ്‌സ് ഇൽ അകെ ഒരു നല്ല ഹോസ്പിറ്റൽ മാത്രേ ഉള്ളു. അത് ഇന്ത്യക്കാർ പണിതു കൊടുത്തിട്ടുള്ളത് കൊണ്ട് അതിന്റെ പേര് ഇന്ദിര ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നായിരുന്നു. ഇപ്പോഴതിന്റെ പേര് മാറ്റി എന്നാണെന്റെ അറിവ്. ഏതയായലും വിദഗ്ധ ചികിത്സയ്ക്കായി മാൽദീവ്‌സുകാർ മിക്കവാറും തിരുവനന്തപുരത്തേക്കും അല്ലെങ്കിൽ ഇന്ത്യയിലെ മറ്റു ആശുപത്രികളെയുംമാണ് ആശ്രയിച്ചിരുന്നത്. ഇന്ത്യയിൽ പോകുമ്പോൾ അവർ ധാരാളമായി തെരുവുകളിൽ കണ്ടു വരുന്ന പശുക്കളെയും കാളകളെയും ഉദ്ദേശിച്ചാണ് അവർ ചാണക പ്രയോഗം നടത്തിയിരുന്നത്.

ഞാൻ ഇപ്പോഴും ആ ഹിന്ദി സിനിമ നടന്റെ കഥ പറഞ്ഞില്ല …. അടുത്ത ലക്കത്തിൽ എന്തായാലും പറയാം. ഇന്ന് ഇത്രേ മതി.

Standard

ഭൂമി കുലുക്കം – മാൽദീവ്‌സ് കഥ ഭാഗം 3

vidhu - cycleഅങ്ങിനെ ഞാൻ മാൽദീവ്‌സിൽ അടിച്ചു പൊളിച്ചു നടക്കണ കാലം. എനിക്കൊരു സൈക്കിൾ ഉണ്ട്. ഒരേ നിരപ്പിലുള്ള ഭൂമി ആയതിനാൽ നല്ല സുഗമമായി കടൽ കാറ്റും കൊണ്ട് സൈക്കിൾ ചവിട്ടാം. ഒരുപാടു ടീച്ചർമാർ സ്വന്തം നാട്ടിൽ നിന്ന് വിമാനത്തിൽ കയറ്റി സൈക്കിൾ കൊണ്ടുവരും. ഞാനും അങ്ങിനെ കൊണ്ടുവന്നതാ ഒരെണ്ണം: തൃശ്ശൂന്നു ട്രെയിനിൽ കയറ്റി, പിന്നെ അതിനെ ഒരു ഓട്ടോയിൽ കയറ്റി എയർപോർട്ടിൽ കൊണ്ടുപോയി, പ്ലെയിൻ ഇൽ കയറ്റി അങ്ങിന്നെ മാൽദീവ്‌സ് എയർപോർട്ടിൽ എത്തിച്ചു. അവിടുന്നു അതിന്നെ ബോട്ടിൽ കയറ്റി ഞാൻ താമസിക്കുന്ന മാലെ സിറ്റിയിൽ എത്തിച്ചു. സൈക്കിൾ ഒക്കെ പ്ലെയിൻഇൽ കയറ്റി കൊണ്ടുവരാം എന്നൊക്കെ എനിക്കറിയില്ലായിരുന്നു അതുവരെ.

അത് മാത്രല്ല ആ സൈക്കിൾ ഇന്റെ പ്രത്യേകത. സൈക്കിൾ ഇന്റെ കാര്യത്തിൽ അഗ്രഗണ്യൻ, നിപുണൻ, യൂണിവേഴ്സിറ്റി സൈക്കിൾ ചാമ്പ്യൻ തുടങ്ങിയ വിശേഷണങ്ങൾ ഉള്ള എന്റെ ചേട്ടൻ പ്രത്യേകം തിരഞ്ഞെടുത്ത ഏറ്റവും നല്ല ഭാഗങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കിയതാ. ആംഗലേയത്തിൽ പറഞ്ഞാൽ custom made. ഇനി ആരും അത് അറിയാതെ പോലും മോഷ്ടിക്കരുത് എന്നുള്ളത് കൊണ്ട് അതിന്മേൽ എന്റെ പേരും എഴുതിവെച്ചിട്ടാണ് ഞാൻ അത് മാലി ക്കു കൊണ്ടുപോയത്. പേര് എഴുതാൻ കാരണം ഉണ്ട്ട്ടാ. അവിടെ കളവു വളരെ കൂടുതൽ ആണു് . നിർഭാഗ്യവശാൽ ഒരു വലിയ ശതമാനം ചെറുപ്പക്കാരും മയക്കു മരുന്നിനു അടിമപെട്ടവരാണ്. തട്ടിപ്പറികൾ, കുത്തിതുറക്കൽ എല്ലാം വളരെ സാധാരണമാണ്.

കൂടെ പഠിപ്പിക്കുന്ന നല്ലവനായ ശുദ്ധഹൃദയനായ ഒരു മലയാളീ മാഷ് എന്നോട് പറഞ്ഞു:

” അതേയ് അവര് മോഷ്ടിക്കുന്നതൊന്നും അല്ല, പ്രത്യേകിച്ച് സൈക്കിൾ. അവർക്കു പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ അവര് അതെടുത്തു ഉപയോഗിക്കുന്നു എന്നെ ഉള്ളു. സൈക്കിൾ അവര് എവിടെ കൊണ്ടുപോകാനാ?”

അതും ശരിയാ ഞാൻ ഓർത്തു , ഈ ഠ വട്ടം സ്ഥലത്തു ഒരു സൈക്കിൾ മോഷ്ടിച്ചിട്ടു എവിടെ കൊണ്ടുപോകും? ഒന്തോടിയാൽ വേലി വരെ. സൈക്കിൾ മോഷണം പോയ മിക്കവരുടെയും സൈക്കിൾ ഐലണ്ടിന്റെ ഏതെങ്കിലും മുക്കിലോ മൂലയിലോ കിടപ്പുണ്ടാവും. പക്ഷെ സ്വർണവും, പണവും , വിലപിടിപ്പുള്ള ക്യാമറയും ഒന്നും അങ്ങിനെ തിരിച്ചു കിട്ടിയതായി എനിക്കറിവില്ല. ഞാൻ ഓർത്തു ഈ മാഷ്ടെ ശമ്പളം അതുപോലെ എനിക്ക് അത്യാവശ്യത്തിന് എടുത്തു ഉപയോഗിക്കാൻ താരോ ആവൊ ന്നു.

വെള്ളി ആഴ്ചയും ശനി ആഴ്ചയുമാണ് അവധി. എല്ലാ ദിവസവും രാവിലെ 6.45 ന്നു സ്കൂളിൽ എത്തണം. 7 മണി തൊട്ടു 12.05 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. കുട്ടികളെ എല്ലാം ക്ലാസ് ടീച്ചർമാർ വരി നിർത്തി, കുട്ടികളുടെ മാതാപിതാക്കൾ വന്നാൽ മാത്രമേ വിടാൻ പാടുള്ളു. കുട്ടികളെ സ്കൂളിൽ കൊണ്ട് വിടാനും തിരിച്ചു വിളിക്കാനും മാതാപിതാക്കൾക്ക് അവര് ജോലി ചെയുന്ന സ്ഥാപനങ്ങൾ സമയം അനുവദിക്കും. ഠ വട്ടം സ്ഥലം ആയതിനാൽ എല്ലാം കൂടി ഏകദേശം അരമണിക്കൂറിൽ കൂടുതൽ എടുക്കില്ല. മയക്കു മരുന്ന് ലോബിയിൽ കളിലൊന്നും കുഞ്ഞുങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള മാലെ ഗവണ്മെന്റ് ഇന്റെ ഒരു മുൻകരുതൽ. കുട്ടികളെ എല്ലാം പറഞ്ഞു വിട്ടതിനു ശേഷം സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ മീറ്റിംഗുകളുടെ സമയം ആണ്. 2 മണിയോട് കൂടി വീട്ടിൽ പോകാം. ഉച്ചയ്ക്ക് ഉള്ള ഷിഫ്റ്റ് ഇൽ ആണ് ജോലി എങ്കിൽ 12 മണി തുടങ്ങി 4.30 വരെയാണ് സ്കൂൾ സമയം.

ഇടയ്ക്കിടയ്ക്ക് teachers’ day, children’s day തുടങ്ങിയ കാരണങ്ങൾ പറഞ്ഞു സ്കൂളിൽ പാർട്ടി ഉണ്ടാവും. അന്നാദ്യമായാണ് ബാർബക്യു് ഗ്രിൽ ചെയ്ത ഭക്ഷണം ആദ്യമായി ഞാൻ കഴിച്ചത്. എന്നെക്കാൾ നീളമുള്ള റ്യുണ മീനിനിന്നെ കനലിൽ ഇട്ടു പൊള്ളിച്ചു എടുക്കും. ചോറിന്റെ കൂടെ തേങ്ങാ ചിരകിയതും, ചൂര മീൻ കുറച്ചു അധികം നേരം പച്ച വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു എടുത്ത വെള്ളം, നമ്മുടെ രസം പോലെ ഇരിക്കുന്നത്, ചേർത്ത്, കുറച്ചു പച്ചമുളകും, ചെറുനാരങ്ങാ നീരും ചേർത്ത് ഇളക്കി കഴിച്ചാൽ നല്ല രസമാണ്. കേൾക്കുമ്പോൾ അയ്യേ ന്നു തോന്നിയാലും, കഴിക്കാൻ നല്ല സ്വാദാണ്, പ്രത്യേകിച്ച് നല്ല വിശപ്പുള്ളപ്പോൾ. പിന്നെ ട്യൂണ സാൻഡ്വിച്, പാസ്ത പിന്നെ പേര് പോലും അറിയാത്ത ഒരുപാടു ഭക്ഷണങ്ങൾ എല്ലാം ഞാൻ ആദ്യമായി കഴിച്ചത് മാൽദീവ്‌സിൽ ജോലി ചെയുന്ന കാലഘട്ടത്തിൽ ആണ്.

ഇതൊന്നും പോരാതെ ഇടയ്ക്കിടയ്ക്ക് വിവിധ ഐലന്റുകളിൽ ഉള്ള പല രാജ്യക്കാരുടെ റിസോർട്കളിലും  പോയി അവരുടെ ഭക്ഷണങ്ങൾ പരീക്ഷിക്കാനുള്ള അവസരം കിട്ടുമായിരുന്നു.  ഓഫ് സീസണിൽ മാൽദീവ്‌സിലെ അദ്ധ്യാപകർക്ക് 50%  കുറവിൽ ഒന്നോ രണ്ടോ ദിവസം താമസിക്കാൻ ഉള്ള ഓഫറുകൾ ഒരു വിധം എല്ലാ റിസോർട്കളും നൽകുമായിരുന്നു. ഒരു ടൂർ പോകുന്ന പോലെ ഒരു ദ്വീപിൽ നിന്നും സ്പീഡ് ബോട്ട് വാടകയ്‌ക്കെടുത്തു റിസോർട് നിൽക്കുന്ന ദ്വീപിലേക്ക്‌ കുറച്ചു പേര് ഒന്നിച്ചു കൂടി പോകുന്നത് ജോലിയുടെ വിരസതയും കാഠിന്യവും കുറയ്ക്കാൻ സഹായിച്ചിരുന്നു.

അത്തരം യാത്രകളിൽ ആണ് പുസ്തകങ്ങളിലും ടീവിയിലും മാത്രം കണ്ടിട്ടുള്ള ഡോള്ഫിനുകളെ ഞാൻ പരിചയപെടുന്നത്.  കണ്ണെത്താത്ത ദൂരത്തോളം ആഴക്കടൽ മാത്രം കാണുന്ന അത്തരം യാത്രകളിൽ പണ്ട് കഥകളിൽ വായിച്ചിരുന്ന ജലകന്യകമാരും അവരുടെ കൊട്ടാരങ്ങളും ഉണ്ടെന്നു ഞാൻ സ്വപ്നം കണ്ടു. പക്ഷെ ഒരിക്കൽ എനിക്ക് ഒരു സമുദ്രാന്തര്‍ഭാഗസഞ്ചാരനൗകയിൽ  ( അയ്യോ വാക്ക് കേട്ടിട്ട് പേടിക്കേണ്ട, ഇംഗ്ലീഷ് ഇൽ submarine ആണ് ഉദ്ദേശിച്ച ഹ..ഹ.. ) കടലിനടിയിൽ ഒരു പത്തു നാൽപതു അടി താഴ്ചയിൽ പോകാനും അവിടത്തെ ജീവജാലങ്ങളെ പരിചയപ്പെടാനും കഴിഞ്ഞു. കടലിനടിയിൽ പോയപ്പോൾ ഞാൻ ഒരു അക്വാറിയത്തിനക്കതു അകപ്പെട്ട പോലെയാണ് തോന്നിയത്.

എനിക്കെപ്പോഴും രാവിലെ ആയിരുന്നു ജോലി. ഉച്ചയ്ക്ക് മുറിയിൽ പോയി ഭക്ഷണം കഴിച്ചു സുഖമായി കിടന്നുറങ്ങും. ഞാനും അമ്മയും കൂടി ഒരു മുറിയിലാണ് താമസം. ഒരാൾക്ക് കഷ്ടി നിന്ന് തിരിയാൻ ഉള്ള സ്ഥലമേ ഉള്ളു മുറിക്കു. അതിന്നു തന്നെ ശമ്പളത്തിന്റെ മൂന്നിലൊന്നു വാടക കൊടുക്കണം. അത്യാവശ്യം ചായ ഉണ്ടാക്കാം എന്നല്ലാതെ കാര്യമായുള്ള പാചകത്തിന്നോനും സമയമോ സ്ഥലമോ ഇല്ല.

ഒരിക്കൽ ഞങ്ങൾ ഒരു അപാർട്മെന്റ് ബിൽഡിംഗ്ന്റെ 5-മതെ നിലയിൽ ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്. 2 കട്ടിൽ ഇടാനുള്ള സ്ഥലം ഇല്യാത്തതു കൊണ്ടു ഞാൻ നിലത്തു പായ വിരിച്ചും അമ്മ കട്ടിൽ ന്മേലും ആണ് കിടന്നിരുന്നത്. ഒരു രാത്രി നല്ല ഉറക്കം പിടിച്ചപ്പോഴാണ് എനിക്ക് തോന്നുന്നത് അമ്മ എന്റെ പായ എടുത്തു കുടയുകയാണ്. അയ്യോ രാവിലെ ആയോ? ഞാൻ എഴുനേൽക്കാൻ വൈകി പോയോ? അലാം അടിച്ചില്ലല്ലോ എന്നെല്ലാം വ്യാകുലപ്പെടുമ്പോൾ ആണ് ഞാൻ അമ്മയുടെ ശബ്ദം ശ്രദ്ധിക്കുന്നത്.

“എന്റെ കട്ടിലിട്ടു നീ എന്തിനാ കുലുക്കണ്ണേ ? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…”

അമ്മ ഉറക്കത്തിൽ ആണോ സംസാരിക്കുന്നത് എന്ന് ഞാൻ നോക്കി. അല്ല, അമ്മ എന്നോട് തന്നെയാണ് പറയുന്നത്.

ഇതാ ഇപ്പൊ നന്നായെ ഞാൻ ഓർത്തു, എന്റെ പായ എടുത്തു കുടഞ്ഞു എന്നെ ഉണർത്തിട്ടു, എന്നെ ചീത്ത വിളിക്കുന്നു. ഞാൻ കണ്ണ് തുറന്നു പായയിൽ എഴുന്നേറ്റിരുന്നു. നോക്കുമ്പോൾ അമ്മ കട്ടിൽ തന്നെ കിടന്നിട്ടാണ് എന്നോട് സംസാരിക്കുന്നത്, അപ്പൊ എപ്പോഴാ അമ്മ എഴുന്നേറ്റു എന്റെ പായ കുലുക്കിയെ? ഒരു പിടിയും കിട്ടുന്നില്ല.

ഞാൻ അമ്മേടെ കട്ടിൽ കുലുക്കിയില്ല, അമ്മയല്ലേ എന്റെ പായ വലിച്ചേ?

അത് കേട്ടപ്പോൾ അമ്മയും  ഉണർന്നു എഴുന്നേറ്റിരുന്നു. അപ്പോഴും മുറിയാകെ കുലുങ്ങുന്നുണ്ട്. എന്തോ ഒരു പന്തി കേടു. എന്തായാലും മുറിക്കു പുറത്തു ഹാളിൽ പോയി നോകാം. അവിടെ ചെന്നപ്പോൾ അടുത്ത മുറിയിൽ താമസിക്കുന്ന 2 ടീച്ചർ മാരും ഹാളിൽ എത്തിയിട്ടുണ്ട്. അപ്പോഴാണ് മനസിലായത് എന്റെ പായയും അമ്മേടെ കട്ടിലും മാത്രമല്ല, ആ കെട്ടിടം ആകെ കുലുങ്ങുന്നുണ്ട്. അത് ഭൂമി കുലുക്കമാണെന്നു അടുത്ത മുറിയിലുള്ള ടീച്ചർമാർ സ്ഥിരീകരിച്ചു. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല.

കെട്ടിടം ഇടിഞ്ഞു വീണു ഞങ്ങൾ മരിക്കും എന്നതിൽ സംശയം ഒന്നും ഇല്ല. ഇറങ്ങി ഓടാനായി പരന്നു കിടക്കുന്ന കടൽ അല്ലാതെ വേറെ സ്ഥലവും ഇല്ല. ചുറ്റും കെട്ടിടങ്ങൾ ആണ്. രാത്രി 2.30 -3  മണി ആണ് സമയം.

അമ്മ അമ്മേടെ മോനെ അതായതു എന്റെ ചേട്ടനെ ഓർത്തു കരയാൻ തുടങ്ങി. അന്ന് ശമ്പളം കിട്ടിയ ദിവസമായിരുന്നു. അമ്മ കരയുകയാണ് ” അയ്യോ ഞാൻ മരിച്ചാൽ എന്റെ മോൻ ഒറ്റയ്ക്കായി പോകൂലോ, ഇന്ന് കിട്ടിയ ശമ്പളത്തിന്റെ പൈസ എങ്കിലും അവന്നു എത്തിക്കാൻ പറ്റിയെങ്കിൽ ദൈവമേ”.

ഭൂമി കുലുക്കത്തിൽ മരിക്കാൻ തയാറായി നിൽക്കുന്ന എനിക്ക് അമ്മേടെ കരച്ചിൽ കേട്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല. ഞാൻ വിവാഹം കഴിച്ചിട്ടുമില്ല എനിക്ക് മക്കളുമില്ല. ചേട്ടൻറെ കാര്യം സ്വയം നോക്കാനുള്ള പ്രാപ്തിയും വിദ്യാഭ്യാസവും ചേട്ടനുണ്ട്. അതോർത്തു എനിക്ക് കരയണ്ട കാര്യം ഇല്ല.   ഞാൻ കരുതി എന്തായാലും എനിക്ക് ചിരിച്ചു കൊണ്ട് മരിയ്ക്കാമല്ലോ എന്ന്. സഹമുറിയതികളും ഞാനും അമ്മേടെ കരച്ചിൽ കേട്ട് ആസ്വദിച്ചിരുന്നു. കെട്ടിടം ഇളകുന്നതിൽ നിന്നും ഞങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഉതകുന്നതായിരുന്നു അമ്മേടെ മകനെ ഓർത്തുള്ള കരച്ചിൽ. കുറച്ചു കഴിഞ്ഞപ്പോൾ കെട്ടിടത്തിന്റെ ഇളക്കം നിന്നു.

ഞാൻ സമയം കളയാതെ മൂടി പുതച്ചു കിടന്നു വീണ്ടും നന്നായി ഉറങ്ങി. പിറ്റേന്ന് രാവിലെ സ്കൂൾ ഇൽ മുഖ്യ സംസാര വിഷയം ഭൂമി കുലുക്കം തന്നെ ആയിരുന്നു. ഏഴു റിച്ചർ സ്കെയിലിൽ അധികം രേഖപ്പെടുത്തിയ ഭൂമി കുലുക്കമായിരുന്നെങ്കിലും അന്ന് രാത്രി ദൈവം ഞങ്ങളോട് പറഞ്ഞത് ” ഇങ്ങോട്ടു പോരാൻ  നിങ്ങൾക്ക് സമയം ആയില്ല മക്കളെ” എന്നായിരുന്നു. മറ്റു ഒരുപാടു ദ്വീപ് കളിൽ ഭൂമി കുലുക്കം വൻ നഷ്ടം വിതയ്ക്കുകയും കുറച്ചു മനുഷ്യർ മരിക്കുകയും ചെയ്തിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങളെ കരുതിയ ദൈവത്തിനോട് ഞാൻ നന്ദി പറഞ്ഞു.

എന്റെ മാൽദീവ്‌സ് കഥ ഒരു ഭൂമി കുലുക്കത്തോടെ അവസാനിച്ചു എന്ന് നിങ്ങൾ വിചാരിക്കണ്ട…. ഇനിയും ഉണ്ട് കുറച്ചു കഥകൾ. അടുത്ത കഥ ഞാൻ ഒരു സുന്ദരൻ ഹിന്ദി സിനിമ നടനെ കണ്ടതാണ്, കാത്തിരിക്കുക.

Standard

വാക്കുകൾക്കും അപ്പുറം.

wordsഓർമ്മ വെച്ച നാൾമുതൽ കേൾക്കുന്നതാ “നിന്നെ കാണാൻ ഭംഗിയില്ല, നീ കറുത്തിട്ടാണ്, അമ്മടെ ഭംഗിയില്ല, നീളമുള്ള മുടിയില്ല, എന്റെ മക്കൾ ഒക്കെ സുന്ദരികളും സുന്ദരനും ആണ്, നീ എന്താ ഇങ്ങിനെ ആയി പോയെ എന്നൊക്കെ” 3-4 വയസുള്ള എനിക്ക് കാര്യം മുഴുവൻ പിടികിട്ടിയില്ലെങ്കിലും ഒരു കാര്യം എനിക്ക് മനസിലായി, എനിക്ക് ഒരു എന്തോ കുറവുണ്ട്. ഈ പറച്ചിലിന്റെ ശ്രോതസ്സു എന്റെ അമ്മായി തന്നെ ആണ്, അപ്പന്റെ പെങ്ങൾ. പുള്ളികാരിയുടെ ഭാഷ്യത്തിൽ പുള്ളിക്കാരി ആയിരുന്നു തൃശ്ശൂർത്തേ ലോക സുന്ദരി. പള്ളിയില്ലേ മിസ് കുമാരി.

വേനൽ അവധിക്കു കുമാരി ആന്റി നാട്ടിൽ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആധി കേറും. പിന്നെ 2 മാസം  യുദ്ധം തന്നെ ആണ് . ആന്റിയോട്‌ മാത്രല്ല ആന്റിടെ മക്കളോടും, അടി, ഇടി ബഹളം. എന്നെക്കാൾ ഓരോ ഓരോ വയസിളപ്പമുള്ള മൂന്നെണ്ണത്തിനോട് വേണം ഞാൻ ഒറ്റയ്ക്ക് ഏറ്റു മുട്ടാൻ. ചേട്ടൻ തറവാട്ടിലെ ആദ്യത്തെ കുട്ടിയും സർവോപരി ആൺ കുട്ടിയും ആയതു കൊണ്ട് ആന്റിയുടെ സ്വന്തം ആളാണ്. അത് കൊണ്ട് തന്നെ യുദ്ധത്തിൽ ചേട്ടൻ മറു പക്ഷത്താണ്, ചേട്ടന്റെ സപ്പോർട്ട് എനിക്ക് കിട്ടില്ല. നാത്തൂൻ പോര് വേണ്ട എന്ന് കരുതിയാവും അമ്മ ഗിയർ ന്യൂട്രൽ ആക്കും. അതുകൊണ്ടു ഞാൻ അങ്കക്കളത്തിൽ ഗൊല്യാത്തിന്നെ  നേരിട്ട ദാവീദ്ഇന്റെ റോളിൽ ഒറ്റയാൾ പോരാട്ടം നടത്തണം.  വാക്കുകൾ കൊണ്ടും, കൈ കൊണ്ടും യുദ്ധം നടത്തി ഞാൻ വിജയശ്രീലാളിത ആയെങ്കിലും എന്നെ കാണാൻ ഭംഗി ഇല്ല,  ഞാൻ കറുത്തിട്ടാണ് എന്നുള്ള  ആന്റിയുടെ ഒറ്റ പ്രയോഗത്തിൽ എന്റെ സകല അടവുകളും പിഴക്കും.

ഈ കറുത്തിട്ടാണ് എന്നുള്ള കമന്റ് ഇപ്പോഴും എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നുണ്ട് ട്ടാ…. 2015 ഇൽ ഞാൻ തൃശൂർ പോയപ്പോഴാണ്, അടുത്തവീട്ടിലെ ആന്റി, ഓര്മ വെച്ചപ്പോൾ മുതൽ അറിയുന്നവർ, എന്നെ കണ്ടപ്പോൾ പറയുന്നു

” അല്ല നീ കാനഡയിൽ പോയിട്ട് കാനഡകാരുടെ നിറം ഒന്നും കിട്ടിയില്ലലോ”

അത് കേട്ട് ഞാൻ അന്തം വിട്ടു. കാനഡയിൽ പോയാൽ ഞാൻ വെളുക്കാനും, ആഫ്രിക്കയിൽ പോയാൽ ഞാൻ കറക്കാനും ഞാൻ എന്താ changing rose ആണോ ?ആ ആന്റി ഒരുപാടു വര്ഷം കുവൈറ്റ് ഇൽ ആയിരുന്നു. അവര് പോയി കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു,

” ഈ ആന്റി കുവൈറ്റ് ഇൽ നിന്ന് വന്നപ്പോൾ കുവൈറ്റി കളുടെ പോലെ ആയിരുന്നോ കാണാൻ?”

അപ്പോഴാണ് അമ്മ പറഞ്ഞത്, അവരുടെ ഭർത്താവും മകളും കുറച്ചു കാലമായി അമേരിക്കയിൽ അവരുടെ ബന്ധുക്കളുടെ അടുത്ത് പോകാൻ ശ്രമിക്കുന്നു. ഇതുവരെ വിസ കിട്ടിയില്ല. വെറുതെ അല്ല അവർക്കു എന്നെ കാണുമ്പോ ഒരു അസ്വസ്ഥത.

നീ കറുത്തിട്ടാണ് അതുകൊണ്ടു നിന്നെ കാണാൻ ഭംഗിയില്ല എന്നുള്ള ഒരു ധാരണ എന്റെ മനസ്സിൽ കയറികൂടിയതിനാൽ 17-18 വയസിൽ എത്തിയപ്പോൾ കൂടെ പഠിച്ചതും അല്ലാത്തതും മായാ ചിലർ എന്നെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കവരെ അത്രേ വിശ്വാസം തോന്നിയില്ല. എനിക്കെപ്പോഴും എന്റെ കുടുംബക്കാരെ വിശ്വസിക്കാനാണ് തോന്നിയത്. എന്റെ സ്വന്തം അമ്മായി അല്ലെ പറഞ്ഞത് എനിക്ക് നിറം കുറവായതോണ്ട് അത്രേ സൗന്ദര്യം പോരാന്നു. അത് മത്രോം അല്ല, കോൺവെന്റ് സ്കൂളിലെ ടീച്ചർമാർ പറഞ്ഞു പഠിപ്പിച്ചതെല്ലാം ഞാൻ അപ്പാടെ വിശ്വസിച്ചു. അന്യ ജാതീന്നു വിവാഹം കഴിക്കരുത്, പ്രേമിച്ചു വിവാഹം കഴിക്കരുത്, കഴിച്ചാൽ  ജാതിയും മതവും ബന്ധുക്കളും ഇല്ലാതെ നിങ്ങളുടെ മക്കളുടെ ഭാവി കട്ടപുകയാവും എന്നൊക്കെയാണ് ചില ടീച്ചർമാർ പാഠം പഠിപ്പിക്കുന്നതിൽ കൂടുതൽ പഠിപ്പിച്ചത്.

അത്രേ  നിറവും ഭംഗിയും ഒന്നും ഇല്ലാത്ത എന്നെ ഇവന്മാർ പറ്റിക്കാൻ വേണ്ടി തന്നെയാണ് ഇഷ്ടമാണെന്നൊക്കെ പറയുന്നത് എന്ന് ഞാൻ തീർത്തും വിശ്വസിച്ചു. ആ വിശ്വാസം അരയ്ക്കിട്ടുറപ്പിക്കാനായി ഞാൻ അന്ന് ആരും കാണാതെ വായിച്ച മലയാള മനോരമ വാരികയിലെ കാമുകൻ ഗർഭിണി ആക്കി ഉപേക്ഷിച്ചു പോയ പെണ്ണുങ്ങളുടെ ഫീച്ചർ കഥകളും, ഡോക്ടറോട് ചോദിക്കുക തുടങ്ങിയവയും സഹായിച്ചു. എന്നെ വിവാഹം കഴിച്ചു താരോ എന്ന് അമ്മയോടും ചേട്ടനോടും നേരിട്ട് വന്നു കാല് പിടിച്ചു ചോദിച്ച ആളെവരെ അതുകൊണ്ടു തന്നെ ഞാൻ നിഷ്കരുണം തട്ടിക്കളഞ്ഞു. ആ ചോദിച്ച ആൾക്ക് എന്നെക്കാൾ നിറവും ഭംഗിയും ഉള്ളത് കൊണ്ട് തന്നെ അയാളുടെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് എനിക്ക് ഒരു ചെറിയ വലിയ സംശയം തോന്നുകയും ചെയ്തു.

അങ്ങിനെ പോയി കുറച്ചു കാലം കഴിഞ്ഞപ്പോൾ എനിക്ക് തടി ലേശം കൂടുതൽ ആണെന്ന് പറയാൻ തുടങ്ങി. കാണുമ്പോഴേ ആളുകൾ ആകുലത പെടും,
” നീ ഇങ്ങിനെ തടിചു തടിച്ചു എങ്ങട്ടാ? വല്ല അസുഖം വരുംട്ട കെട്ടാൻ ചെക്കനെ കിട്ടില്ല കേട്ട ”

എന്റെ വീട്ടുകാരേക്കാളും ആകുലത നാട്ടുകാർക്ക് എന്റെ ആരോഗ്യത്തെയും, വിവാഹജീവിതത്തെയും കുറിച്ച്.

ഞാൻ പോയി കണ്ണാടിയിൽ നോക്കും,

” ഓ ഭയങ്കര തടി തന്നെ. ദൈവമേ ഇങ്ങന്നെ പോയാൽ എനിക്ക് നടക്കാൻ പോലും ബുദ്ധിമുട്ടാവ്‌ലോ എന്ന് ഞാൻ പേടിച്ചു.”

ഭക്ഷണം കുറച്ചു, തലവേദന ബാക്കി. നാട്ടുകാരെ സംതൃപ്തി പെടുത്താൻ തക്ക രീതിയിലേക്ക് എന്റെ തടി കുറയുന്നില്ല.

അത്യാവശ്യം ഒത്ത പൊക്കവും വണ്ണവുമുള്ള എന്റെ ഡാഡ്‌ഡിയോടും പൊക്കം കുറഞ്ഞു ഉരുണ്ടിരിക്കുന്ന എന്റെ അമ്മയോടും എനിക്കെന്തെനില്ലാത്ത ദേഷ്യം. ഡാഡിയുടെ വിരിഞ്ഞ തോളും, അമ്മടെ തുടുത്ത കവിളും വട്ട മുഖവും കിട്ടിയതാണ് ഇതിനൊക്കെ കാരണം. അവർക്കു കല്യാണം കഴിക്കുമ്പോ ശരിക്കു നോക്കീട്ടൊക്കെ കല്യാണം കഴിച്ചാൽ പോരെ എന്ന് വരെ ഞാൻ ആലോചിച്ചു.  ചെറുപ്പത്തിൽ നല്ല കറന്ന പാലും വെണ്ണയും തന്നതിനും, വീട്ടിൽ വളർത്തിയ നാടൻ കോഴി ഇറച്ചിയും മുട്ടയും, പോരാത്തതിന്പോത്തിറച്ചിയും തീറ്റിച്ചതിനും എനിക്കവരോട് നല്ല ദേഷ്യം തോന്നി. പച്ചക്കറി മാത്രം അല്ലെങ്കിൽ പരിപ്പും കടലയും മാത്രം ഓകെ തന്നാൽ പോരായിരുന്നോ അവർക്കു, അല്ലെങ്കിൽ കഞ്ഞിയും ചമ്മന്തിയും മാത്രം.  ഇതൊക്കെ ചെറുപ്പത്തിലേ കഴിച്ചിട്ടാ, ഇപ്പൊ ഈ തടി കുറയ്ക്കാതെ.

അപ്പോഴാണ് എന്റെ തലയിൽ ബൾബ് കത്തീത്.

ഈ മെലിഞ്ഞു ഉണങ്ങി ഇരിക്കുന്ന ആൾക്കാരൊക്കെ ഐശ്വര്യ റായും സൽമാൻ ഖാനും ആണോ? അത് മാത്രം അല്ല, എന്നോട് ഈ തടി തടി എന്ന് പറയുന്ന മിക്കവാറും പേരും ആന മെലിഞ്ഞ പോലെ ഇരിക്കുന്നവരാ. ഇവരൊന്നും ഇവരുടെ സ്വന്തം രൂപം കണ്ണാടിയിൽ നോക്കുന്നില്ലേ ? എന്റെ തടീനെ കുറിച്ച് ഇത്രേ വിഷമിക്കാന്? ഇതിങ്ങനെ വിട്ടാൽ പറ്റില്ല, എന്റെ തടിയെ കുറിച്ച് ആളുകൾകുള്ള ആകുലത നീക്കി കൊടുത്തിട്ടു തന്നെ കാര്യം.

ഞാൻ പൂനെയിൽ പോയി വന്നപ്പോ എന്റെ അയൽപക്കത്തുള്ള  ഒരു സ്ത്രീ എന്നോട് പറഞ്ഞു:
” പൂനെയിൽ പോയിട്ട് നിന്റെ തടി ഒന്നും കുറഞ്ഞില്ലാലോ?”
ഞാൻ ചോദിച്ചു ” ഞാൻ പൂനയിൽ പോയത് തടി കുറയ്ക്കാന് കോഴ്സ് എടുക്കാനാണ് നിന്നോട്ആരാ പറഞ്ഞെ?”

പൂനെ പോയിട്ട് ആ സ്ത്രീ കോ-ഓപ്പറേറ്റീവ് റോഡിൻറെ അറ്റം വരെ തന്നെ ശരിക്കു പോയിട്ടില്ല. പിന്നെ പൂനെ വരെ പോയ എന്നെ തകർക്കാൻ  എന്റെ തടി കൂടുകയേ അവർക്കു മാർഗമുള്ളൂ .

ഞങ്ങളുടെ കുടുംബത്തിലെ വസ്ത്രങ്ങൾ സ്ഥിരമായി തയ്യിക്കുന്ന തയ്യൽകാരൻ ചേട്ടൻ ചോദിക്കും ” നീ എന്താ ഇങ്ങന്നെ തടിച്ചു വരണേ”. അയാളുടെ കടയുടെ മുമ്പിൽകൂടിയാണ് ഞാൻ എന്നും കോളേജ് വിട്ടു നടന്നു വരുന്നത്.

അത് കേട്ടാൽ തോന്നും എല്ലാ ദിവസവും ഞാൻ “ഓം ക്രീം ഓം ക്രീം ഞാൻ തടിക്കണേ ഞാൻ തടിക്കണേ ന്നു”  മന്ത്രം ചൊല്ലി തടികുന്നതാണ്ന്നു. അത് മാത്രം അല്ല ഞാൻ കണ്ണാടി നോക്കുമ്പോ അയാൾ പറയുന്ന പോലെ വലിയ വത്യാസം ഒന്നും തോന്നുന്നുമില്ല.

കുറെ പ്രാവശ്യം അത് തന്നെ കേട്ട് കഴിഞ്ഞപ്പോൾ സഹികെട്ടു ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു.  ” ചേട്ടന്റെ മോന് എത്രെ വയസായി? ”

അയാൾ വയസു പറഞ്ഞു. എന്നെക്കാൾ രണ്ടു വയസു കുറവ്.

” അയ്യോ ചേട്ടാ, അവന്നു എന്നേക്കാൾ രണ്ടു വയസു കുറവാണല്ലോ, എന്നാലും ഞാൻ തടി കുറച്ചു വന്നാൽ എനിക്കവന്നെ കെട്ടിച്ചു താരോ? അതോണ്ടാണോ ചേട്ടൻ എന്നെ എപ്പോ കണ്ടാലും തടി കുറയ്ക്കാൻ പറയുന്നേ?”

ഈ ചോദിക്കണ ചേട്ടന്റെ കുംഭ വയറു കാരണം കുനിഞ്ഞു നിന്ന് അയാൾക്ക്‌ തുണി ശരിക്കു വെട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. എന്റെ ചോദ്യം കേട്ട് കൂടെ നിന്ന എന്റെ അമ്മ ഞെട്ടി തരിച്ചു. തിരിച്ചു വീട്ടിൽ പോകുന്ന വഴിക്കു മുഴുവൻ എന്നെ ചീത്ത വിളിച്ചു. വർഷങ്ങൾ ആയി നമ്മുടെ സ്ഥിരം തയ്യൽ കാരനാണ് . അയാളോട് നീ അങ്ങിന്നെ ഒക്കെ പറയാൻ പാടോ ? എന്നാലും അയാളോട് അത് പറയാൻ പറ്റിയ ചാരിതാർത്ഥത്തിൽ അമ്മ പറഞ്ഞ വഴക്കെല്ലാം ഞാൻ മിണ്ടാതെ കേട്ടു. പക്ഷെ പിന്നെ ഞാൻ ആ ചേട്ടന്റെ അടുത്ത് തുണി തയ്യ്ക്കാൻ കൊടുത്തില്ല, എന്നോടുള്ള ദേഷ്യം അയാൾ എന്റെ തുണിയോട് തീർത്തലോ എന്നുള്ള പേടി കാരണം. പിന്നെ ആ തയ്യൽക്കാരൻ എന്റെ തടിയെ പറ്റി ഒരിക്കൽ പോലും വ്യസനിച്ചിട്ടില്ല.

എന്റെ ഒരു ബന്ധു വീട്ടിൽ സ്ഥിരം സന്ദര്ശകനായിരുന്ന ഒരു അങ്കിളിന്റെ കാര്യം എനിക്കോർമ്മ വരുന്നത്. പുള്ളിക്ക് അന്ന് ഒരു 54-55 വയസു പ്രായം കാണും. 13-14 വയസുള്ള എന്നെ തൊട്ടു നോക്കാൻ വലിയ താല്പര്യക്കാരൻ ആയിരുന്നു കക്ഷി. പക്ഷെ ഞാൻ പണ്ടേ കുമാരി ആന്റിയുടെയും മക്കളുടെയും അടുത്ത് “ഗരാട്ടാ” “ഗുൺഫ്യൂ” ഓകെ പയറ്റി തെളിഞ്ഞട്ടുള്ള ആളായത് കൊണ്ട് പുള്ളി വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. എന്നാ പിന്നെ എന്നെ മാനസികമായി തകർക്കാം എന്ന് കരുതിയാവും എപ്പോ കണ്ടാലും എന്റെ തടി പുള്ളിയുടെ കണ്ണിലെ കരടായതു.

പൊക്കം കുറഞ്ഞു ഉരുണ്ടിരിക്കുന്ന എന്റെ അമ്മയെ നോക്കി ആ അങ്കിൾ പറഞ്ഞു:

” അമ്മയ്ക്ക് തീരെ തടി ഇല്ലല്ലോ, മോൾക്കെന്താ ഇത്രേ തടി?”

ചുറ്റും കൂടി നിൽക്കുന്ന മറ്റു ആളുകൾ കേൾക്കെ എന്നെ ഒന്ന് പൊളിച്ചടക്കാൻ തന്നെയാണ് അങ്കിൾ ന്റെ ഉദ്ദേശം എന്ന് എനിക്ക് മനസിലായി.

ഞാൻ മനസ്സിൽ ഓർത്തു വേല കൈയിൽ ഇരിക്കട്ടെ അങ്കിൾളെ , ഇതിനൊന്നും എന്നെ തകർക്കാൻ ആവില്ല മോനെ.

” അങ്കിൾ ന്നു കാലിന് എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടോ ?” ഞാൻ അങ്കിൾ നോട് വളരെ സ്നേഹത്തിൽ ചോദിച്ചു.

എന്തുകൊണ്ടാണ് പെട്ടെന്ന് എനിക്ക് അങ്കിൾ ന്റെ കാലുകളെ കുറിച്ച് ഒരു താല്പര്യം എന്ന് അന്തം വിട്ട അങ്കിൾ പറഞ്ഞു:

” ഇല്ല, എന്റെ കാലിന് ഒരു കുഴപ്പവും ഇല്ലല്ലോ, എന്തേ?”

” അല്ല”, ഞാൻ പറഞ്ഞു, ” എന്റെ തടി കൂടിയത് കാരണം അങ്കിൾ ന്നു നടക്കാൻ എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടോ എന്ന് കരുതി അതാ”.

ചമ്മി പോയ ആ അങ്കിൾ എന്റെ ഭാഗ്യം കൊണ്ടോ അങ്കിൾ ന്റെ ഭാഗ്യം കൊണ്ടോ അധികനാൾ താമസിയാതെ കാലപുരി പൂകി.

അതെ ബന്ധു വീട്ടിൽ വരുന്ന വേറൊരു ചേട്ടനും എന്നേം അമ്മേയെയും കാണുമ്പോൾ തീരെ സഹിക്കാൻ പറ്റില്ല. ഒരിക്കൽ ആ ചേട്ടൻ ചോദിച്ചു:

” നിങ്ങൾ എവിടുന്നാ റേഷൻ വാങ്ങുന്നെന്നു “?

ആ ചേട്ടൻ ഉണക്ക മാന്തൾ പോലെയാണ് ഇരിക്കുന്നതെങ്കിലും, ആ ചേട്ടന്റെ ഭാര്യ പൊക്കം കുറഞ്ഞു ഉരുണ്ടാണ് ഇരിക്കുന്നത്.

ഞാൻ പറഞ്ഞു ” ചേട്ടൻ ചേട്ടന്റെ ഭാര്യക്ക് റേഷൻ വാങ്ങുന്ന കടയിൽ നിന്ന് തന്നെയാ ഞങ്ങളുടെ വീട്ടിൽ റേഷൻ വാങ്ങുന്നെന്നു.”

അങ്ങിന്നെ എന്റെ തടിയെപ്പറ്റി ആവലാതിപ്പെട്ടിരുന്ന ആളുകൾക്കൊക്കെ ആഹ്ലാദം പകർന്നു കൊണ്ട് എന്റെ കല്യാണപ്രായം എന്ന് നാട്ടുകാർ വിളിക്കുന്ന പ്രായം കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ എനിക്ക് മാലെ ദ്വീപിൽ ജോലി കിട്ടി പോയതിനാൽ കുറച്ചു കാലം എനിക്കും അവർക്കും തടി പ്രയോഗങ്ങളിൽ നിന്ന് സ്തുൽ ഇടേണ്ടി വന്നു.  പോരാത്തതിന് കല്യാണ പ്രായം അതിക്രമിച്ചു കയറിക്കൊണ്ടിരുന്നപ്പോൾ ചിലരെങ്കിലും ആ വഴിക്കു ഒരു തകർപ്പു നടത്താൻ ശ്രമിച്ചു. കാണുമ്പോഴെല്ലാം വളരെ സഹതാപത്തോടെ “കല്യാണം ഒന്നും ശരി ആയില്ലല്ലേ” എന്ന് ചോദിച്ചു. അത് ചോദിക്കുമ്പോ അവരുടെ കണ്ണിൽ വിരിഞ്ഞ ആഹ്ലാദം മുഖത്തു പാട് പെട്ട് വരുത്തിയ സഹതാപത്തെ മറയ്ക്കാൻ പോരുന്നതായിരുന്നില്ല.

അങ്ങിനെ കല്യാണം കഴിഞ്ഞു. പുസ്തകത്തിൽ വായിച്ചതും സിനിമയിൽ കണ്ടതും മാത്രമായ അമ്മായിഅമ്മ പോരിന്റെ റിയാലിറ്റി ഷോയിൽ എന്റെ അമ്മായിഅമ്മ ആത്മഗതം പറഞ്ഞു :

” നിനക്ക് തടി ഉള്ളത് കൊണ്ട് വേറെ ആരും കല്യാണം കഴിക്കാഞ്ഞതോണ്ട എന്റെ മോൻ നിന്നെ കല്യാണം കഴിക്കേണ്ടി വന്നേ, അവന്നു നിന്നെകാൾ പ്രായം കുറഞ്ഞതും, കൂടുതൽ സ്ത്രീധനം കിട്ടുന്നതുമായ എത്രെ സുന്ദരികളുടെ വിവാഹാലോചന വന്നതാ “.

ഫിലിപ്പ് മാഷ് അഞ്ചാമത്തെ മകൻ ആയതു കൊണ്ടും, ഞങ്ങൾ തമ്മിൽ ഏകദേശം 11 വയസ്സിന്റെ വ്യതാസം ഉള്ളത് കൊണ്ടും അമ്മായിഅമ്മയ്ക്ക് എന്റെ അമ്മൂമ്മ ആവാനുള്ള പ്രായം ഉണ്ടായിരുന്നു. ആ പ്രായത്തെ ബഹുമാനിച്ചതു കൊണ്ടും, പഴയ തലമുറയിലെ ആളായത് കൊണ്ടും സർവോപരി എനിക്ക് പിറക്കാതെ പോയ ഒരു അമ്മൂമ്മയായതു കൊണ്ടും ഞാൻ എന്റെ തന്നെ നാവിനോട് പറഞ്ഞു:

“ക്ഷമി… പോട്ടെ… ഒന്നും പറയേണ്ട”.

പക്ഷെ കാലക്രമേണ ഞാനും എന്റെ അമ്മായിയമ്മയും സോൾ ഗെഡികൾ ആവുകയും, പണ്ട് അമ്മായിയമ്മ അമ്മായിഅപ്പനെ പ്രേമിച്ചതും ലവ് ലെറ്റർ കൈമാറിയതും വരെ ഉള്ള കഥകൾ അമ്മായിയമ്മയെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് ഞാൻ ഒരു പ്രതികാരം പോലെ ചോർത്തി എടുത്തു.

കുഞ്ഞു ജോഹാന്നേം കൊണ്ട് അമേരിക്കയിൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ എല്ലാവര്ക്കും വളരെ സന്തോഷമായി. എല്ലാവര്ക്കും ” ആ ഇത് ഫിലിപ്പ് തന്നെ, ഫിലിപ്പ് തന്നെ” എന്ന് പറയാനേ നേരമുള്ളൂ.

കുട്ടിയെ കാണാൻ എത്തിയ നാത്തൂൻ കുട്ടിയെ നിലത്തു വെയ്ക്കാതെ ലാളിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും ഒരാവശ്യത്തിന് തിരിച്ചെത്തിയ നാത്തൂൻ രാവിലെ നേരത്തു പരിതപിച്ചു:

” അയ്യോ, ക്ടാവിന്റെ ഭംഗി അപ്പിടി പോയി”.

വെളുത്തു തുടുത്തു ഉരുണ്ടിരിക്കുന്ന കുഞ്ഞു ജോഹാൻറെ “ഭംഗി അപ്പിടി പോയി” എന്ന് പറഞ്ഞതു എനിക്കത്രേ ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.

പക്ഷെ സംഭവത്തിൻെറ നിജ സ്ഥിതി ഏകദേശം രാത്രി ആയപ്പോഴേക്കും വെളിപ്പെട്ടു. രാവിലെ ” അയ്യോ, ക്ടാവിന്റെ ഭംഗി അപ്പിടി പോയി”, എന്ന് പരിതപിച്ച നാത്തൂൻ, രാത്രി ആയപ്പോൾ ” ഇപ്പൊ കിടാവിനു വിധൂന്റെ ഛായയാണെന്ന്” പറഞ്ഞപ്പോ കാര്യങ്ങളുടെ പോക്ക് ഏതു വഴിയാണെന്ന് എനിക്ക് ബോധ്യമായി.

ബിരുദാന്തര ബിരുദവും, ബി എഡും, പിന്നെ ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഇൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ചെയ്തു കഴിഞ്ഞതിനു ശേഷം പുനെ യിലും മാൽദീവ്‌സ് യിലും ജോലി യും ചെയ്തു കഴിഞ്ഞാണ് എന്റെ വിവാഹം. പ്രേമ അഭ്യർത്ഥനകൾ നിരസിച്ചു ലോക പര്യടനം സ്വപ്നം കണ്ടത് നടന്നത് കൊണ്ടും വയസു 29 ആയപോഴാണ് വിവാഹം കഴിച്ചത്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും, വിവാഹം കഴിഞ്ഞപ്പോൾ:

” എന്റെ കെട്ട് പ്രായം കഴിഞ്ഞു പുര നിറഞ്ഞു നിന്ന് വേറെ ആരേം വിവാഹം കഴിക്കാൻ കിട്ടാഞ്ഞിട്ട് നരകിച്ചതു കൊണ്ട് മാത്രം സുഖമായി പാട്ടും പാടി നടന്ന പാവം ഫിലിപ്പ് മാഷെ ഞാൻ വിവാഹം കഴിച്ചു ഉപദ്രവിച്ചു” എന്നായി ചിലരുടെ എങ്കിലും ഭാഷ്യം.

മദ്യപിക്കാത്ത ഫിലിപ്പ് മാഷും ഞാനും കൂടി ഇരിക്കുമ്പോൾ മദ്യപിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് എന്നെ നോക്കി പറഞ്ഞു:

” എന്റെ ഭാര്യ പച്ച പാവാ… അവൾ ഏറിവന്നാൽ നിന്നോട് ചോദിക്കും നീ എന്തിനാ എന്റെ കെട്ടിയവന്നെ കള്ളു കുടിപ്പിച്ചെന്നു?.  ഞാൻ കള്ളുകുടിച്ചു കുടിച്ചു ഒരു ദിവസം പടായാൽ , എന്റെ ഭാര്യ സുന്ദരി ആയതോണ്ട് അവളെ വേറെ ആരെങ്കിലും കെട്ടി ക്കോളും, എനിക്കൊരു പേടീംല”. “

സോഡാ കുപ്പി ഗ്ലാസ് വെച്ച ആവശ്യത്തിലധികം ( എന്റെ കാഴ്ചപ്പാടിൽ) വെളുത്ത ഒരു പാവം സ്ത്രീ ആയിരുന്നു അയാളുടെ ഭാര്യ. അയാൾ പറഞ്ഞതിന്റെ സാരാംശം നീ വെളുത്തട്ടല്ല, അത് കൊണ്ട് തന്നെ നീ സുന്ദരിയും അല്ല.  നിന്റെ കെട്ടിയവൻ ചത്ത് പോയാൽ നിന്നെ ആരും ഇനി കെട്ടാൻ പോകുന്നില്ല, അത് മാത്രം അല്ല നീ അത്രേ പഞ്ച പാവം ഒന്നും അല്ല, നിന്റെ ഭർത്താവില്ലെങ്കിൽ നിന്റെ കാര്യം പോക്കാണ് എന്നായിരുന്നു എന്നറിയാൻ എനിക്ക് വലിയ ബുദ്ധിയുടെ ആവശ്യം ഉണ്ടായിരുന്നില്ല.

എന്തായാലും അയാളുടെ കാഴ്ചപ്പാടിൽ ഞാൻ ഭയങ്കരി തന്നെ ആണ്, എന്നാൽ പിന്നെ ഇതിനു മറുപടി പറഞ്ഞു കളയാം എന്ന് കരുതി ഞാൻ ആ സുഹൃത്ത്നോട് പറഞ്ഞു

” ചേട്ടാ, എന്റെ ആവശ്യപ്രകാരം അല്ല നിങ്ങൾ കുടിക്കുന്നത്. നിങ്ങളുടെ ഭാര്യ അങ്ങിനെ എന്നോട് ചോദിച്ചാൽ , അവര് പുതിയ കെട്ടിന് വേണ്ടി വേഗം തന്നെ വേറെ ഒരാളെ കണ്ടു പിടിക്കേണ്ടി വരും ട്ടാ.”

അത് പറഞ്ഞപോഴാ ഓർത്തെ വിവാഹത്തിന് മുമ്പ് ഒരിക്കൽ മാലെ ദ്വീപിൽ നിന്ന് അവധിക്കു വന്നപ്പോൾ ദുബായ്യിൽ ജോലി ഉണ്ടായിരുന്ന ചേട്ടന്റെ ഒരു സുഹൃത്ത് ഫോണിൽ സംസാരിച്ച കൂട്ടത്തിൽ എന്നോട് പറഞ്ഞു:

” നീ അവിടെ ഒരു പണിയും ചെയ്യാതെ അജൂനെ (എന്റെ ചേട്ടൻ) തിന്നു മുടിപിച്ചു കഴിയാലേ” എന്നു. ഞാൻ കല്യാണം കഴിക്കാതെ  നിൽക്കുന്നതിന് എന്റെ വീട്ടിൽ ഉള്ളവരെകാളും അസൗകര്യം പരിചയക്കാർക്കായിരുന്നു. അയാൾക്ക്‌ ഞാൻ മാലെയിൽ ജോലി ചെയുന്ന കാര്യം അറിയാഞ്ഞിട്ടായിരുന്നോ, അറിഞ്ഞിട്ടായിരുന്നോ അയാൾ അങ്ങിനെ പറഞ്ഞത് എന്ന് ഇപ്പോഴും എനിക്കറിയില്ല. മനുഷ്യർക്ക്‌ ദൈവം വെറുതെ അല്ല നാവിനു എല്ലു കൊടുക്കാഞ്ഞേ എന്ന് അപ്പൊ എനിക്ക് മനസിലായി. ( ഉണ്ടെങ്കിൽ അന്ന് ഞാൻ ദുബായ് വരെ പോയി അവന്റെ നാവിന്റെ എല്ലു ഓടിച്ചെന്നെ).

ഫിലിപ്പ് മാഷുടെ മരണത്തിന് ശേഷം ഞങ്ങളുടെ അയൽവാസി ആയിരുന്ന ഒരു അമ്മൂമ്മ അവരുടെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചലിന് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ ഒരു പാട് വര്ഷം മുമ്പ് ഞങ്ങളുടെ അയൽവാസി ആയിരുന്ന ഡേവിസ് അങ്കിൾ നെ കണ്ടു മുട്ടിയത്. ഡേവിസ് അങ്കിൾ ന്റെ മൂത്ത മകൾ സ്മിതയും ഞാനും ഒന്നിച്ചായിരുന്നു സ്കൂളിൽ പോയി കൊണ്ടിരുന്നത്. പിന്നിട്‌ അവർ അവിടുന്ന് വീട് മാറി പോയിരുന്നു. സ്മിതയെ കൂടാതെ വേറെയും 2 മക്കൾ ഉണ്ടായിരുന്നു ഡേവിസ് അങ്കിൾനു.

എന്നേം അമ്മേനേം വര്ഷങ്ങള്ക്കു ശേഷം കണ്ടപ്പോൾ വളരെ സന്തോഷമായി ഡേവിസ് അങ്കിളിനു. ഫിലിപ്പ് മാഷ് മരിച്ചു പോയത് കേട്ടപ്പോൾ വളരെ വിഷമം ആയെന്നു പറഞ്ഞു. സ്മിതയുടെയും മറ്റു മക്കളുടെയും കാര്യങ്ങൾ വാ തോരാതെ പറഞ്ഞു അങ്കിൾ. എല്ലാവരും നല്ല നിലയിൽ ആയി; ജോലി കിട്ടി കല്യാണം കഴിച്ചു സസുഖം കഴിയുന്നു. കേട്ടപ്പോൾ എനിക്കും അമ്മയ്ക്കും സന്തോഷമായി: എന്റെ അതെ പ്രായക്കാരി, കുടുംബമായി കുഞ്ഞുങ്ങളായി സന്തോഷമായി ഇരികുന്നല്ലോ എന്നോർത്ത്. “എന്റെ 3 മക്കളും settled ആയി”, ഡേവിസ് അങ്കിൾ വാതോരാതെ പറഞ്ഞ വിശേഷങ്ങൾക്കൊടുവിൽ പറഞ്ഞു നിറുത്തി.

മറ്റുള്ളവരുമായി ഇടപഴുകുവാനായി ഞാനും അമ്മയും അകത്തേയ്ക്കു കയറി. ചെറിയ ഫ്ലാറ്റ് ആയതു കൊണ്ട് എല്ലാവര്ക്കും നിന്ന് തിരിയാനുള്ള സ്ഥലം വളരെ പരിമിതം. അയൽവാസി അമ്മൂമ്മയുടെ ബന്ധുക്കളോടും, ഞങ്ങളുടെ വീടിന്റെ വഴിയിൽ നിന്ന് ക്ഷണിക്കപ്പെട്ടവരായി വന്ന മറ്റുള്ളവരോടും സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ഊണ് കഴിക്കുന്ന സമയമായി. ഭക്ഷണം വിളമ്പുന്നത് കാത്തിരുന്ന എന്റെയും അമ്മയുടെയും പുറകിൽ അതാ പിന്നെയും ഡേവിസ് അങ്കിൾ വന്നു നില്കുന്നു. എന്താണാവോ എന്നോർത്ത് തിരിഞ്ഞു നോക്കിയ അമ്മയോട് ഡേവിസ് അങ്കിൾ വീണ്ടും പറഞ്ഞു ” എന്റെ 3 മക്കളും settled ആയി”.

എന്തിനാ ഈ അങ്കിൾ വീണ്ടും ഇത് തന്നെ പറഞ്ഞത്, ഇത് നേരത്തെ പറഞ്ഞതാണലോ എന്നർത്ഥത്തിൽ ഞാൻ അമ്മയെ ഒന്ന് പാളി നോക്കി. അമ്മയ്ക്കും ഒന്നും പിടികിട്ടിയില്ല എന്നുളത് അമ്മയുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസിലാക്കി. അപ്പോഴേക്കും ഭക്ഷണം വിളമ്പിയത് കൊണ്ട് കൂടുതൽ ഒന്നും ഡേവിസ് അങ്കിളിനോട് പറയേണ്ടി വന്നില്ല. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം കൂടെ അവിടെ എല്ലാവരോടും സംസാരിച്ചു, ഞാനും അമ്മയും യാത്ര പറഞ്ഞിറങ്ങി ചെരുപ്പിടാനായി പോർച്ചിൽ എത്തിയപ്പോൾ അവിടെ വീണ്ടും ഡേവിസ് അങ്കിൾ. ഞങ്ങളെ കാത്തു നിന്നിരുന്ന ഒരു മുഖഭാവം. ഞങ്ങളെ കണ്ടപ്പോൾ വേഗം അടുത്തെത്തി കൈകൂപ്പി കൊണ്ട് പറഞ്ഞു ” വളരെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം. എന്റെ 3 മക്കളും settled ആയി”.

അമ്മ എന്റെയും ഞാൻ അമ്മയുടെയും മുഖത്തേക്കും ഇപ്പൊ എല്ലാം മനസിലായി എന്നർത്ഥത്തിൽ നോക്കി. ഞങ്ങൾ ചിരി അടക്കാൻ പാടുപെട്ടു.  എന്റെ ഭർത്താവ് 3 മാസങ്ങൾക്കു മുമ്പ് അപകടത്തിൽ മരണപെട്ടതറിഞ്ഞതിന്റെ ഒരു വെപ്രാളം ആണ് അങ്കിൾക്കു. തന്റെ മക്കൾക്കലല്ലോ ഇത് സംഭവിച്ചത്, അവർ മൂന്ന് പേരും സുഖകരമായ കുടുംബ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്ന ഒരു ആശ്വാസവും ഡേവിസ് അങ്കിൾ ഇന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു.

ഇന്നിത് ഞാൻ എഴുതാൻ കാരണം എനിക്ക് വളരെ അടുപ്പമുള്ള ഒരു സുഹൃത്തുമായി ഞാൻ സംസാരിച്ചത്തിന്റെ ഒരു ബാക്കി പത്രം എന്ന നിലയിൽ ആണ്. നാടിന്നെ അപേക്ഷിച്ചു കാനഡയിലെ ജീവിതശൈലി യുടെ വത്യാസങ്ങളും, അതുകൊണ്ടു ഇവിടെ ജീവിച്ചു പോകാൻ ഉള്ള ബുദ്ധിമുട്ടുകളെയും കുറിച്ചും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിന്റെ ആവശ്യകതെയെയും കുറിച്ച് ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അതൊന്നും കേൾക്കാൻ ഒട്ടും ക്ഷമയിലാതെ പുള്ളിക്കാരി എന്നോട് പറഞ്ഞു :

” എന്റെ ജീവിതം ഒരു ഫ്ലോപ്പ് അല്ലെങ്കിലും, ജീവിതം ഫ്ലോപ്പ് ആയവരുടെ വിഷമങ്ങൾ പറഞ്ഞാൽ എനിക്ക് മനസിലാകും”.

അത് കേട്ട് ഞാൻ പകച്ചു പോയി. എന്റെ ജീവിതം ഇത്രേ ഫ്ലോപ്പ് ആണോ? ഭർത്താവു മരിച്ചു പോയി എന്നത് ശരി തന്നെ. പക്ഷെ ഞാൻ കഷ്ടപ്പെട്ട് പഠിച്ചു നേടിയ ഡിഗ്രികൾക്കും, എന്റെ ജോലിക്കും, എന്റെ മോനെ ഞാൻ ഒറ്റയ്ക്ക് ഒരു കുറവും വരുത്താതെ വളർത്തുന്നതും ഒന്നും എന്റെ ജീവിതവിജയത്തിന്റെ മാറ്റുരച്ചു നോക്കുന്ന കാര്യങ്ങൾ അല്ലെ? ഒരു സ്ത്രീക്ക് ഭർത്താവുണ്ടോ ഇല്ലയോ എന്നുള്ളത് മാത്രമാണോ ഒരു സ്ത്രീടെ ജീവിതം “ഫ്ലോപ്പ്” ആണോ “ഫ്ലോപ്പ്” അല്ലെ എന്ന് തീരുമാനിക്കുന്ന ഘടകം?

നമ്മുടെ ചിന്തയുടെ പ്രതിഫലനങ്ങൾ ആണ് നമ്മുടെ വാക്കുകൾ. പക്ഷെ നമ്മുടെ വാക്കുകളിലൂടെ നമ്മുടെ ചിന്തകൾ കേൾക്കുന്നവർ മനസിലാക്കും എന്ന് പലപ്പോഴും സംസാരിക്കുമ്പോൾ നമ്മൾ മറന്നു പോകുന്നു. വാക്കുകൾ കൊണ്ട് മറ്റൊരാളെ തകർത്തു തരിപ്പണമാക്കുക്ക എന്നത് നമ്മൾ മലയാളി കളുടെ മാത്രം പ്രത്യേകതയാണോ എന്ന് ഞാൻ ഇടയ്ക്കു ഓർക്കും.

ഞാനും ഫിലിപ്പ് മാഷും തമ്മിൽ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാക്കുമ്പോൾ ഞങ്ങൾ എടുത്തു ഉപയോഗിക്കുന്ന വസ്തുതകളെ കുറിച്ച് രണ്ടു പേരുടെയും ചൂടറിയത്തിന്നു ശേഷം ഒരു അവലോകനം നടത്താറുണ്ടായിരുന്നു.

എന്റെ ദുര്ബലത എന്റെ വീട്ടുകാരും, മാഷിന്റെ സംഗീതവും ആയിരുന്നു. സൗന്ദര്യ പിണക്കങ്ങൾക്കു മാറ്റു കൂട്ടാൻ ഞങ്ങൾ ആവോളം ആ ദൗർബല്യങ്ങളെ ദുരുപയോഗം ചെയ്തിരുന്നു.

പക്ഷെ ചൂടാറി കുറച്ചു കഴിയുമ്പോൾ ഞാൻ മാഷോട് ചോദിക്കും,

” മാഷ് എന്തിനാ എന്നാലും എന്റെ വീട്ടുകാരെ അങ്ങിനെ പറഞ്ഞെ? അതെനിക്ക് അത്രേ ഇഷ്ടപ്പെട്ടില്ല ട്ടാ”.

അപ്പൊ മാഷ് പറയും ” നിന്നെ തകർക്കാൻ അതല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാലും നീ എന്റെ മ്യൂസിക് നെ പറ്റിയും പറഞ്ഞില്ലേ ? “.

അപ്പൊ ഞാനും പറയും, ” അതല്ലാതെ എനിക്കും വേറെ വഴി ഉണ്ടായിരുന്നില്ല, അതാ ഞാൻ മാഷിന്റെ മ്യൂസിക് ന്നെ പറ്റി പറഞ്ഞതെ”?

ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ഞാനും ആരെയെങ്കിലും എപ്പോഴെങ്കിലും ഒക്കെ എന്റെ വാക്കുകൾ കൊണ്ട് തകർത്തു കാണണം. നമ്മൾ ചെയുന്നത് നമ്മൾ അറിയുന്നില്ലലോ. പക്ഷെ അള മുട്ടിയാൽ ചേരയും കടിക്കും എന്ന പോലെ മാത്രേ ഞാൻ അതിന്നു മുതിരാറുള്ളു എന്നാണ് എന്റെ ഒരു തോന്നൽ.

 

 

Standard

മാൽദീവ്‌സിലെ സ്കൂളുകൾ

വളരെ ചെറുപ്പത്തിൽ വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ നിരത്തി വെച്ച പാവ കുട്ടികളെ പഠിപ്പിക്കുക,  ഡിഗ്രിക്ക് പഠിക്കുമ്പോ പോക്കറ്റ് മണിക്കു വേണ്ടി അടുത്ത വീട്ടിൽ ഉള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുക,  B.Ed. ന്നു ചേരുന്നതിന് മുമ്പ് ഒരു മാസം ഒരു ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് ലെക്ച്ചററായി പഠിപ്പിക്കുക, B.Ed. ന്നു നൂറോ, നൂറ്റമ്പതോ മണിക്കൂർ ടീച്ചിങ് പ്രാക്ടീസ് ചെയ്യുക ഇത്രേം എക്സ്പീരിയൻസ് വെച്ചാണ് ഞാൻ മാൽദീവ്‌സ് ഇൽ ടീച്ചർ ആവാൻ അപേക്ഷിച്ചത്. മിക്കവാറും അധ്യാപകർ ഏജൻസി വഴി ഒരുപാടു കാശു കൊടുത്താണ് അവിടത്തെ സ്കൂളുകളിൽ ജോലി നേടുന്നത്. ഞാൻ പക്ഷെ എന്റെ വേൾഡ് ടൂറിന്റെ ഭാഗമായി മാലെ സന്ദർശിച്ചപ്പോൾ പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു ജോലി എന്ന ഒരു ഭാവത്തിൽ 2-3 സ്കൂളുകളിൽ എന്റെ റെസ്യൂമെ കൊണ്ട് കൊടുത്താണ് ഒരു എലിമെന്ററി സ്കൂളിൽ 7 ആം ക്ലാസ്സിൽ പഠിപ്പിക്കുന്ന ജോലി തരാക്കിയത് .

എന്റെ ക്ലാസ്സിൽ ആൺകുട്ടികൾ മാത്രേ ഉള്ളു, 36 എണ്ണം. ഞാൻ അതുവരെ അത്രേം വികൃതികളായ കുട്ടികളെ കണ്ടിട്ടുണ്ടായിരുന്നില്ല. ഭയങ്കര കുറുമ്പന്മാർ എന്ന് പറഞ്ഞാൽ അതി ഭീകര കുറുമ്പന്മാർ. ക്ലാസ്സിൽ ബഹളം വയ്ക്കുക, തരം കിട്ടിയാൽ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടുക , ക്ലാസ്സിൽ അടിയുണ്ടാകുക, ഇങ്ങോട്ടു വരാൻ പറഞ്ഞ അങ്ങോട്ട് ഓടുക . അതുപറഞ്ഞപോഴാ ഓർമ്മ വന്നേ, അങ്ങിനെ ഒരു ഐറ്റം സ്കൂളിൽ പഠിക്കുമ്പോ എന്റെ ചേട്ടൻന്റെ ക്ലാസ്സിലിൽ പഠിച്ചിരുന്നു പണ്ട്, പേര്  രാജീവ് (സാങ്കേതിക കാരണങ്ങളാൽ ശരിക്കും ഉള്ള പേര് പറയാൻ കഴിയില്ല, കഷമിക്കണം). മാൽദീവ്‌സ് ഇൽ നിന്ന് ആദ്യത്തെ അവധിക്കു നാട്ടിൽ പോയപ്പോ ചേട്ടന്റെ കൂട്ടുകാർ ഒക്കെ എന്നോട് ചോദിച്ചു:

“എങ്ങിനെ ഉണ്ട് മാൽദീവ്‌സിലെ പഠിപ്പിക്കൽ ഒക്കെ?

ഞാൻ പറയും “എന്ത് പറയാനാ, ഒരു 36 രാജീവുമാരുള്ള ഒരു ക്ലാസ്”.

കേട്ടവർക്കൊക്കെ എന്നോട് വലിയ സഹതാപമായിരുന്നു. ടീച്ചർ ആയി ഞാൻ ഹരിശ്രീ കുറിച്ചത് പറ്റിയ സ്ഥലത്തു തന്നെ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറഞ്ഞ പോലെ മാൽദീവ്‌സ് ഇലെ ടീച്ചർ ജീവിതം എന്നെ പിന്നീട് പല പരീക്ഷണങ്ങളെയും അതിജീവിക്കാൻ പഠിപ്പിച്ചു.

ക്ലാസ്സിൽ ചെന്നപ്പോ ആദ്യത്തെ ചോദ്യം:

” ടീച്ചർ കല്യാണം കഴിച്ചതാണോ?”
അല്ല എന്ന് പറഞ്ഞപ്പോൾ ഉടനടി രണ്ടാമത്തെ ചോദ്യം:
“ടീച്ചർ ക്കു എത്രെ കുട്ടികൾ ഉണ്ട്”

കല്യാണം കഴിയാതെയും ഒരാൾക്ക് കുട്ടികൾ ഉണ്ടാവാൻ പാടില്ലേ എന്ന ചോദ്യം അന്നാദ്യമായി 36 കുട്ടികളുടെ കണ്ണുകളിലൂടെ എന്നെ തുറിച്ചു നോക്കി. തൃശ്ശൂരിൽ കന്യാസ്ത്രീകൾ നടത്തുന്ന സേക്രഡ് ഹാർട് സ്കൂളിലും വിമല കോളേജിലും പഠിച്ച എന്റെ സദാചാര ബോധത്തെ അപ്പാടെ തകിടം മറിചു ആ ചോദ്യങ്ങൾ. ചോദ്യങ്ങള് കേട്ട് ഷോക്ക് അടിച്ച പോലെ നിന്ന എന്നെ കുട്ടികൾ അപ്പോഴേ വിലയിരുത്തി കഴിഞ്ഞിരുന്നു: അവർക്കു എടുത്തു അമ്മാനം ആടാൻ പറ്റിയ ഐറ്റം ആണ് ഞാൻ എന്ന്! പക്ഷെ  വര്ഷങ്ങള്ക്കു ശേഷം അമേരിക്കയിൽ പോയപ്പോൾ അമേരിക്കൻ മദാമ്മമാർ എന്നോട് “അമേരിക്കയിൽ വന്നപ്പോ നിനക്കു കൾച്ചറൽ ഷോക്ക് ഉണ്ടോ, കൾച്ചറൽ ഷോക്ക്? ” എന്ന് ചോദിച്ച “ആ ഷോക്ക്” ആയിരുന്നു അതെന്നു അപ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല. എന്റെ മാൽദീവ്‌സ് ജീവിതത്തെ അയവിറക്കി കൊണ്ട് ഞാൻ മദാമ്മമാരോടൊക്കെ മനസ്സിൽ പറയുമായിരുന്നു, “ഇതൊക്കെ  ഒരു ഷോക്ക് ആണോ മദാമ്മേ? ഇതിനേക്കാൾ വലിയ ഷോക്ക് അടിച്ചിട്ടാ ഞാൻ ഇവിടം വരെ എത്തിയെ,  പിന്നെയല്ലേ അമേരിക്കൻ ഷോക്ക് .”

പ്രൊഫഷണൽ കോളേജിൽ അനുഭവിക്കുന്ന റാഗിങ്നെകാളൊക്കെ ഭീകരമായിരുന്നു ആ ഒരു വര്ഷം ആ സ്കൂളിലെ ടീച്ചർ ആയി ഞാൻ അനുഭവിച്ചത്‌. അന്നാണ് എനിക്കാദ്യമായി മനസിലായത് ഒരു ടീച്ചർ നെകാൾ ഒരു ക്ലാസ്റൂമിലെ ആധിപത്യം ആ ക്ലാസ്സിലെ കുട്ടികൾകാണെന്നു.  സേക്രഡ്‌ ഹാർട്സിൽ പഠിക്കുമ്പോ ആ പവർ ഒന്നും ഞാൻ വേണ്ട വിധം ഉപയോഗിച്ചില്ലല്ലോ ദൈവമേ എന്നൊരു നഷ്ടബോധം തോന്നി അപ്പോൾ.

മാൽദീവ്‌സ് ഇലെ സ്കൂളുകളിൽ കണ്ടുവന്നിരുന്ന ഒരു പ്രത്യേകത അവിടെ കുട്ടികൾക്ക് എന്തും ചെയ്യാം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സ്കൂളിന്റെ സൂപ്പർവൈസേഴ്‌സും പ്രിൻസിപ്പാൾഉം പറയും അത് ടീച്ചറിന്റെ കുഴപ്പമാണെന്നു. ടീച്ചർക്ക് ക്ലാസ് മാനേജ്‌മന്റ് അറിയില്ല അതുകൊണ്ടാണ് കുട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന്. മാതാപിതാക്കളുടെ കാര്യം പിന്നെ പറയേം വേണ്ട. “അവള് പഠിച്ചില്ലെങ്കിൽ നല്ല അടി കൊടുത്തോ ടീച്ചറെ”, എന്നൊക്കെ പറഞ്ഞിരുന്ന മാതാപിതാക്കളൊക്കെ എപ്പോഴേ കാലഹരണപ്പെട്ടു. “നിങ്ങളെന്റെ കുട്ടിയെ തുറിച്ചു നോക്കിയോ?” എന്ന് മാതാപിതാക്കൾ ചോദിക്കുന്ന കാലഘട്ടത്തിൽ ആണ്‌ ഞാൻ ടീച്ചറായി രംഗപ്രവേശനം ചെയുന്നത്. ടീച്ചറായാൽ കുട്ടികൾക്കൊക്കെ നല്ല പെട കൊടുക്കാം എന്നുള്ള എന്റെ വ്യാമോഹം അതോടെ ഡിം! പെട കൊടുക്കൽ പോയിട്ട് ഒന്ന് കണ്ണുരുട്ടി നോക്കാൻ  പോലും പേടിയായിരുന്നു എനിക്കവരെ.

സേക്രഡ് ഹാർട്സ് സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ്‌വരെ എല്ലാ വർഷവും ഇംഗ്ലീഷ് ക്ലാസ് തുടങ്ങുന്നത് “മൈ ഫാമിലി” എന്ന ഒരു കോമ്പോസിഷൻ എഴുതിയിട്ടായിരുന്നു. മാതാപിതാക്കളുടെ പേരുകൾ, ജോലി, സഹോദരീ, സഹോദരൻ തുടങ്ങിയവർ ഉണ്ടോ എന്നും, അവരൊക്കെ ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നും എഴുതിയാൽ സംഭവം ശുഭം. എഴുതുന്ന കുട്ടികൾക്കും വായിച്ചു നോക്കി മാർക്കിടുന്ന ടീച്ചർമാർക്കും വലിയ അധ്വാനം ഇല്ലാതെ തീർക്കാവുന്ന ഒരു എളുപ്പ പണി.

ആ ഒരു എളുപ്പം മനസ്സിൽ കണ്ടാണ് ഞാൻ ആദ്യം തന്നെ ” മൈ ഫാമിലി” വെച്ച് ക്ലാസ് തുടങ്ങിയത്. തുടങ്ങുന്നതിനു മുമ്പ് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ്‌വരെ അത് എഴുതിച്ച ടീച്ചർ മാർക്കെല്ലാം ഞാൻ മനസ്സിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു. പക്ഷെ പണി പാളി എന്ന് പറഞ്ഞ മതീലോ. മാൽഡീവിൻ കുട്ടികളുടെ “മൈ ഫാമിലി” വായിച്ചു എന്റെ തല ചുറ്റി. കുട്ടികൾ എഴുതി:

” എന്റെ വീട്ടിൽ എന്റെ അച്ഛനും അമ്മയ്ക്കും കൂടി ഞങ്ങൾ 4 മക്കൾ ഉണ്ട്. അത് കൂടാതെ അച്ഛന്റെ ആദ്യത്തെ ഭാര്യയിഇൽ ജനിച്ച 4 സഹോദരങ്ങളും അമ്മയുടെ ആദ്യത്തെ വിവാഹത്തിൽ ജനിച്ച 4 സഹോദരങ്ങൾ ( half brothers and sisters) വേറെയും ഉണ്ട്. അത് മാത്രമല്ല, എന്റെ അച്ഛന്റെ രണ്ടാം ഭാര്യയുടെ ആദ്യത്തെ വിവാഹത്തിലുള്ള മക്കളും ( step brothers and sisters) ഞങ്ങളുടെ വീട്ടിൽ ഉണ്ട്. പിന്നെ അച്ഛന്റെ അച്ഛൻ, അച്ഛന്റെ ‘അമ്മ, അമ്മയുടെ ‘അമ്മ, അമ്മയുടെ അച്ഛൻ, അമ്മായി, അമ്മാവൻ തുടങ്ങിയവർ വേറെയും.”

മുഹമ്മദ് നബി ഇസ്ലാമിന് 4 പ്രാവശ്യം വിവാഹം കഴിക്കാം എന്ന് പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുന്ന ഒരു ജനതയെ  വേറെ എങ്ങും അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. എങ്കിലും സ്ഥല പരിമിതി മൂലം ഈ പറഞ്ഞവർ എല്ലാം കൂടി ഏറിയാൽ ഒന്നോ രണ്ടോ മുറികൾ മാത്രം ഉള്ള വീടുകളിലോ ഫ്ളാറ്റുകളിലോ വളരെ യോജിപ്പോടും സ്നേഹത്തോടും കൂടി ജീവിക്കുന്നത് പ്രശംസനീയമായ ഒരു വസ്തുത തന്നെ ആണ്. എന്നാലും മിക്കവാറും കുട്ടികളുടെ സമാനമായ “മൈ ഫാമിലി” വായിക്കുക എന്ന ദുരനുഭവത്തോടു കൂടി ” മൈ ഫാമിലി” കോമ്പോസിഷൻ എഴുതുന്ന ഏർപ്പാട് ഞാൻ അവസാനിപ്പിച്ചു.

പകരം “മൈ അംബീഷൻ” ഒന്ന് പരീക്ഷിക്കാം എന്ന് തീരുമാനിച്ചു. പലരും പോലീസ് ആവണമെന്നും, ടീച്ചർ ആവണമെന്നും ഒക്കെ എഴുതി. എന്റെ ഓർമയിൽ മായാതെ നിൽക്കുന്ന  അംബിഷനുകളിൽ ഒന്നു ഒരു കുട്ടി അവന്റെ അച്ഛന്റെ അംബീഷൻ എഴുതിയതാണ്. അവൻ എഴുതി :

” എന്റെ അച്ഛൻ ഒരു റെസ്റ്റാറ്റാന്റിൽ വെയ്റ്റർ ആയി ജോലി ചെയ്യുന്നു. എന്റെ അച്ഛന്റെ ഏറ്റവും വലിയ അംബീഷൻ ഒരു ടാക്സി ഡ്രൈവർ ആവുക എന്നതാണ്.”

ഡോക്ടർ, എഞ്ചിനീയർ ഏറ്റവും കുറഞ്ഞത് ടീച്ചർ എന്ന രീതിയിൽ മാത്രം ” മൈ അംബീഷൻ ” എഴുതി ശീലിച്ച എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ആ കോമ്പോസിഷൻ. ഞാൻ ആലോചിച്ചു എന്ത് കൊണ്ട് ഒരു വൈയ്റ്റർക്കു ടാക്സി ഡ്രൈവർ ആകാൻ ആഗ്രഹിച്ചു കൂടെ, അതും ഒരു അംബീഷൻ തന്നെ അല്ലെ?

ഒരു ദിവസം എന്റെ സൂപ്പർവൈസർ എന്നെ വിളിപ്പിച്ചു. സൂപ്പർവൈസർ വിളിപ്പിചാ തൂക്കികൊല്ലാൻ ഉള്ള ഉത്തരവ് കിട്ടുന്ന പോലെയാ. കാലിന്റെ മുട്ടുകൾ കൂട്ട്ടി ഇടിച്ചു ഞാൻ അവരുടെ റൂമിൽ ചെന്നു . എന്നോട് ഇരിക്കാൻ പറഞ്ഞിട്ട്, ഗൗരവത്തിൽ അവർ ചോദിച്ചു

” നിന്റെ ക്ലാസ്സിലെ കുട്ടികൾ നീ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോ സിഗരറ്റ് വലിച്ചത് നീ അറിഞ്ഞോ”?

എന്റെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. ഞാൻ പറഞ്ഞു:
” ഇല്ല, ഞാൻ അറിഞ്ഞില്ല”. വളരെ ഭവ്യതയോടെ ഞാൻ പറഞ്ഞു.
“എന്താ നീ അറിയാഞ്ഞേ “, അവർ പിന്നെയും ചോദിച്ചു.
പെട്ടെന്ന് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഏഴാം ക്ലാസ്സിലെ  ആ വില്ലന്മാർ എപ്പോഴാ ഇതൊക്കെ ചെയ്തേ? ഞാൻ കിണഞ്ഞലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. സിഗരറ്റ് വലിച്ചെങ്കിൽ പുകയെങ്കിലും കാണേണ്ടതല്ലേ?

അവർ വീണ്ടും ചോദിച്ചു ” നിനക്ക് സിഗരറ്റ് ഇന്റെ മണം അറിയില്ലേ?”

ഉടനെ ഞാൻ പറഞ്ഞു ” ഇല്ല മാം, എനിക്ക് സിഗരറ്റ് ഇന്റെ മണം അറിയില്ല, എന്റെ പരിചയത്തിൽ ആരും സിഗരറ്റ് വലിക്കാറില്ല.”

എന്നെ ഒന്നിരുത്തി നോകീട്ടു അവര് പറഞ്ഞു ” ഡോണ്ട് റിപ്പീറ്റ് ഇറ്റ്”.

സൂപ്പർവൈസർ ഇന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഞാൻ നമ്മുടെ നടൻ ഇന്നസെന്റ് സ്റ്റൈലിൽ ഒരു ഡയലോഗ് എന്നോട് തന്നെ പറഞ്ഞു നോക്കി
” ഇനീപ്പോ ഞാൻ തന്നെ ആവൊ സിഗരറ്റ് വലിച്ചത്, എന്താപ്പതു “?

ഇംഗ്ലീഷ് മാഷായി ഒരു അമേരിക്കക്കാരൻ ഉണ്ടായിരുന്നു ആ സ്കൂളിൽ : ഡേവിഡ്. ഡേവിഡ്‌ന്നെ കുറിച്ച് കുറച്ചു ഊഹാപോഹങ്ങൾ ഒക്കെ ഇന്ത്യക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്നു. ഡേവിഡ് ഒരു ചാരനായിരുന്നു എന്നായിരുന്നു അതിൽ മുഖ്യമായി പറഞ്ഞിരുന്നത്.അല്ലെങ്കിൽ പിന്നെ അമേരിക്ക പോലെ ഒരു സ്ഥലം വിട്ടു ഠ വട്ടം മാത്രം ഉള്ള മാൽദീവ്‌സ് പോലെ ഒരു സ്ഥലത്തു മാഷായി കുടുംബ സമേതം വന്നു താമസിക്കേണ്ട കാര്യം എന്തുണ്ട് ഡേവിഡിന്?

വളരെ സരസനായ ഒരാൾ ആയിരുന്നു ഡേവിഡ്. ഡേവിഡ് ന്റെ ക്ലാസ്സിൽ കുട്ടികൾ അനങ്ങാതെ ശ്വാസം അടക്കിപ്പിടിച്ചു ഇരിക്കുന്നതിന്റെ രഹസ്യം എത്രെ ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. അമേരിക്കകാരൻ ആയതു കൊണ്ട് എന്നെക്കാൾ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കാൻ അറിയുന്നത് കൊണ്ടായിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഒരു ഇന്ത്യ കാരിയായ ഞാൻ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ എനിക്ക് ചെറിയൊരു അപകർഷതാ ബോധം തോന്നുകയും ചെയ്തു.

ഒരു ദിവസം ഞാൻ സ്കൂളിന്റെ വരാന്തയിൽ കൂടി നടന്നു പോകുമ്പോൾ ഡേവിഡ് ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികൾ എല്ലാം പ്രതിമകൾ പോലെ കണ്ണ് ചിമ്മാതെ ഇരിക്കുന്ന കാഴ്ച എന്നിൽ അത്ഭുതം ഉളവാക്കി. എങ്ങിനെ ആ കുറുമ്പൻ കുട്ടികൾ ഇങ്ങിനെ അനങ്ങാതെ ഇരിക്കുന്നു എന്ന് അറിഞ്ഞട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു.ഞാൻ വരാന്തയിൽ പതുങ്ങി നിന്ന് ഡേവിഡ് ക്ലാസ് എടുക്കുന്നത് ശ്രദ്‌ധിച്ചു. ഇതിന്റെ ഒരു ഗുട്ടൻസ് ഒന്നറിയണമല്ലോ. അതറിഞ്ഞാൽ എനിക്കും എന്റെ ക്ലാസ്സിൽ അതൊക്കെ ഒന്ന് പ്രയോഗിച്ചു ഈ ഭീകരന്മാരായ കുട്ടികളെ മയക്കി എടുക്കാമല്ലോ എന്നൊക്കെ ഞാൻ മനോവിചാരം നടത്തി.

ഡേവിഡ് ബോർഡ് ഇൽ ഒരു പടം വരയ്ക്കുകയാണ്. ഒരു വലിയ കുന്നാണ് വരയ്ക്കുന്നത്. അതിന്റെ താഴത്തെ അറ്റത്തു എന്തോ ഒരു സാധനം വരച്ചിട്ടുണ്ട്. ഒരു സൈക്കിൾ പോലെ തോന്നിപ്പിക്കുന്ന എന്തോ ആണ്, അതിന്റെ മുകളിൽ 2 ഈർക്കലി മനുഷ്യർ (stick figures) . കുട്ടികൾ ഒക്കെ ശ്വാസം വിടാതെ കണ്ണ് ചിമ്മാതെ നോക്കി ഇരിക്കുന്നു.

എനിക്കും വല്ലാത്ത ആകാംഷ ആയി. ഇംഗ്ലീഷ് ടീച്ചർ മാർ ആ ആഴ്ച പഠിപ്പിക്കാൻ തയ്യാറാക്കിയ പാഠഭാഗങ്ങളിൽ ഒന്നും ഇതുപോലത്തെ ഒരു പാഠം ഉള്ളതായി എന്റെ ഓർമയിൽ ഇല്ല. ഇതെന്തായിരിക്കും? ആകാംഷ അടക്കാനാവാതെ ഞാൻ ഡേവിഡ് പറയുന്നത് കേൾക്കാനായി ജനലിനടുത്തേയ്ക്കു ഒന്നും കൂടി ചേർന്ന് നിന്നു. ഞാൻ അവിടെ ഒളിച്ചു നിൽക്കുന്നത് ഡേവിഡിന് കാണാൻ കഴിയാത്ത വിധം ശ്രദ്ധിച്ചാണ് ഞാൻ നിന്നതു. ബോര്ഡില് പടം വരച്ചു കഴിഞ്ഞു തിരിഞ്ഞു നിന്ന് ഡേവിഡ് ആ പടം വിശദീകരിക്കാൻ തുടങ്ങി.

” ഞാനും ജൂലിയും ഈ മോട്ടോർസൈക്കിളിൽ ഇരുന്നു ഈ കുന്നിന്റെ താഴ്വാരത്തിൽ നിന്ന് മുകളിലേയ്ക്കു പോയ്കൊണ്ടിരിക്കുകയാണ്. ജൂലി മോട്ടോർസൈക്കിളിന്റെ പുറകിൽ എന്നെ കെട്ടി പിടിച്ചാണ് ഇരിക്കുന്നത്. ഞങ്ങൾ ഇങ്ങന്നെ പോയികൊണ്ടിരിക്കുമ്പോൾ…” ഡേവിഡ് കഥ തുടരുകയാണ്.

ഞാൻ കുറച്ചു നേരം ആലോചിച്ചു. ഇതേതു കഥ? ഇങ്ങനെ ഒരു പാഠഭാഗം ഏഴാം ക്ലാസ്സിൽ പഠിപ്പിക്കാനായി ഇംഗ്ലീഷ് ടീച്ചർമാർ തയ്യാറാക്കിയാതായി എത്രെ ഓർത്തിട്ടും എനിക്ക് ഓർമയിൽ കിട്ടുന്നില്ല. സംഭവം എന്താണ് എന്നറിയാൻ ഞാൻ കുറച്ചു നേരം കൂടെ അവിടെ ചുറ്റിപറ്റി നിന്നു. കഥ കുറച്ചുകൂടി കേട്ടപ്പോൾ കാര്യം പിടികിട്ടി. ഡേവിഡ് കൈയും കാലും കൊണ്ട് വിശദീകരിച്ചു പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ഒന്നുമല്ല, പണ്ട് അയാൾ അയാളുടെ ഭാര്യ ജൂലി യെ ലൈൻ അടിച്ച കഥയാണ്, അമേരിക്ക കാരുടെ ഭാഷയിൽ പറഞ്ഞാൽ “ഡേയ്റ്റിംഗ്”. വെറുതെ അല്ല വാനര പിള്ളേര് വായും പൊളിച്ചു ഇരിക്കുന്നത്. ഞാനും ഇങ്ങന്നെ ഒരു കഥ ഇറക്കിയാലോ അടുത്ത ക്ലാസ്സിൽ എന്ന് ഒന്നു ആലോചിച്ചു നോക്കി, പിന്നെ വേണ്ടാന്ന് വെച്ചു. വേറെ ഒന്നും അല്ല അമേരിക്കൻ ഡേയ്റ്റിംഗ് ന്റെ പഞ്ച് ഒന്നും തൃശൂർ ഡേയ്റ്റിംഗ് കാണാൻ വഴിയില്ല. അതിലൊന്നും ഈ പിള്ളേര് വീഴും എന്ന് തോന്നുന്നില്ല. വെറുതേ വെളുക്കാൻ തേച്ചത് പാണ്ടായാലോ ?

ആ വർഷത്തോടെ ആ സ്കൂളിലെ എന്റെ ചീട്ടു കീറി. എന്റെ മാത്രം അല്ല ഡേവിഡിന്റെ യും ചീട്ടു കീറി. ഡേവിഡ് നെ നാട് കടത്തി എന്നാണ് കേട്ടത്. എനിക്ക് മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ തന്നു. പക്ഷെ എരിച്ചട്ടിയിൽ നിന്ന് വറചട്ടിയിലേക്കു എന്ന് പറഞ്ഞ പോലെ ഉണ്ടായിരുന്നുള്ളു ആ ട്രാൻസ്ഫർ.

പുതിയ സ്കൂളിൽ ഞാൻ 6 ആം ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു. 7 ആം ക്ലാസ്സിലും ഭേദമായിരിക്കുംഅലോ 6 ആം ക്ലാസ് എന്ന മിഥ്യാ ധാരണയോടെയും, ‘നിങ്ങടെ ചേട്ടന്മാരെ ഞാൻ പഠിപ്പിച്ചതാ, കളി എന്നോട് വേണ്ട’ എന്ന ഒരു ചെറിയൊരു അഹങ്കാരത്തോടെയും കൂടിയാണ്  6 ആം ക്ലാസ്സിൽ  ചാർജ് എടുത്തത്. അവരുടെ ക്ലാസ് ടീച്ചർ മുന എന്ന് പേരുള്ള ഒരു മാൽഡീവിൻ സ്ത്രീ ആയിരുന്നു.

മാൽഡീവിയൻ ടീച്ചർമാർ പറഞ്ഞാൽ ഭയങ്കര സ്നേഹവും അനുസരണവും ഉണ്ടെങ്കിലും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള ടീച്ചർമാരെ എങ്ങിനെ ഒക്കെ ഉപദ്രവിക്കാൻ കഴിയും എന്ന കാര്യത്തിൽ റിസർച്ച് ചെയ്യുന്നവരും ആയിരുന്നു അവിടത്തെ കുട്ടികൾ. പൂർണമായും ഒരു മുസ്ലിം രാജ്യമായിരുന്നതിനാൽ, ടീച്ചർമാർ മറ്റുരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംസ് ആണെങ്കിൽ കുട്ടികളുടെ ഉപദ്രവത്തിന്നു കുറച്ചു ഇളവുണ്ടാകും. അതുകൊണ്ടു തന്നെ ജീവനിൽ കൊതിയുള്ള ചില ടീച്ചർമാർ എങ്കിലും മുസ്ലിംസ് അല്ലെങ്കിലും കുട്ടികൾ “ആർ യൂ എ മുസ്ലിം ?” എന്ന് ചോദിച്ചാൽ രണ്ടാമതൊന്നു ആലോചിക്കാതെ “യെസ്, ഐ ആം എ മുസ്ലീം” എന്ന് തന്നെ പറഞ്ഞു കളയും.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം ആറാം ക്ലാസ്സിലെ ടീച്ചർ മുന സ്റ്റാഫ് റൂമിൽ ഇരുന്നു കുട്ടികളുടെ പുസ്തകങ്ങൾ നോക്കുന്ന എന്റെ അടുത്തെത്തി. ചെറിയൊരു പുഞ്ചിരിയോടെ  ചോദിച്ചു:

“ഇതെന്താണെന്നു നിനക്ക് മനസ്സിലായോ”?

കൈയിൽ നീട്ടിപ്പിടിച്ച ഒരു ചെറിയ പ്ലാസ്റ്റിക് കോല് ഉണ്ട്. ഞാൻ കോല് സൂക്ഷിച്ചു നോക്കി. കോലിന്മേൽ പല നിറങ്ങൾ, മഞ്ഞ, പച്ച, വയലറ്റ് തുടങ്ങിയവ.ഞാൻ ചാഞ്ഞും ചെരിഞ്ഞും നോകീട്ടു സംഭവം പിടികിട്ടിയില്ല. മുന യുടെ മുഖത്തെ പുഞ്ചിരി പൊട്ടിച്ചിരിയായി മാറിക്കൊണ്ടിരിക്കുന്നു. വേറൊരു മാൽഡീവിൻ ടീച്ചറോട് മുന ദിവേഹിയിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. എന്തോ പന്തികേടുണ്ട് എന്ന് എനിക്ക് മനസിലായി. ആ നീളം കുറഞ്ഞു കോൽ അയിസിന്റെ കോൽ പോലിരിക്കുന്ന സാധനം എന്താന്ന് എനിക്ക് മനസിലാവാത്തത് കൊണ്ടാണ് അവരെന്നെ കളിയാക്കിയത് എന്ന് തോന്നിയപ്പോൾ ഞാൻ ഒരു നമ്പർ ഇറക്കാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞു :

“ഈ കോൽ കൊള്ളാല്ലോ? നല്ല നിറങ്ങൾ, നല്ല ഭംഗിയുണ്ടല്ലേ കാണാൻ ?”

അതും കൂടി കേട്ടപ്പോൾ പിന്നെ മുനയും മറ്റേ ടീച്ചറും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നെ കൂടുതൽ കുഴക്കാതെ അവര് എന്നോട് കാര്യം പറഞ്ഞു. ആ കോല് ഗർഭണി ആണോ എന്നറിയാൻ സ്ത്രീകൾ മൂത്രത്തിൽ ഇട്ടു നോക്കുന്ന ഹോം പ്രെഗ്നൻസി ടെസ്റ്റ് എന്ന് പറയുന്ന സാധനം ആണെന്ന്. അങ്ങിനെ ഒരു സാധനം ഉണ്ടെന്നു തന്നെ ഞാൻ അന്നാണ് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് തന്നെ. അത് കേട്ട് അന്തം വിട്ടു ഇരുന്ന എന്നോട് അവര് പറഞ്ഞു, അന്ന് രാവിലെ ഞാൻ ഇംഗ്ലീഷ് പഠിപ്പിചു കൊണ്ടിരുന്നപ്പോൾ കുട്ടികളുടെ കൈവശം ഉണ്ടായിരുന്നത്രെ ആ കോല്. അത് മാത്രമല്ല കുട്ടികൾ ഗർഭനിരോധന ഉറയും ക്ലാസ്സിൽ കൊണ്ടുവന്നിരുന്നു എന്ന്. ( അത് കാണാൻ പറ്റിയില്ലലോ എന്ന ഒരു ഇച്ഛാഭംഗം എനിക്കുണ്ടായി എന്നത് ഒരു രഹസ്യം.)

ഇതൊക്കെ പറഞ്ഞ കൂട്ടത്തിൽ മുന പകുതി തമാശയും പകുതി കാര്യവുമായി എനിക്കൊരുപദേശവും, തന്നു: “നീ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലല്ലോ ? നിനക്ക് ഇതിനെപ്പറ്റിയൊക്കെ കൂടുതൽ അറിയണം എങ്കിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോകുമ്പോൾ കുട്ടികളോട് ചോദിച്ചാൽ മതി. ഇത്രേം ആയപ്പോ തന്നെ ഞാൻ നേരത്തെ പറഞ്ഞ “കൾച്ചറൽ ഷോക്ക്” ഇന്റെ പാരമ്യത്തിൽ ആയി ഞാൻ. ഭാഗ്യത്തിന് കളർ കോലിന്റെ കാര്യം മുന ടീച്ചർ അത്രേ ഗൗരവമായി എടുത്തില്ല. അല്ലെങ്കിൽ എന്റെ മാൽഡീവിൻ അദ്ധ്യാപന ജീവിതത്തിൽ നിന്ന് ഞാൻ അപ്പൊ തന്നെ വിരമിക്കേണ്ടി വന്നെന്നെ.

പക്ഷെ ചില തമാശകളും ക്ലാസ്സ്‌റൂം ഇൽ ഉണ്ടായിരുന്നു. അഞ്ചര സ്‌ക്വരെ കിലോമീറ്റർ ചുറ്റളവ് മാത്രേ അവരുടെ രാജ്യത്തിൻറെ തലസ്ഥാനത്തിനുള്ളത് കൊണ്ട് അവരുടെ പാട്ടുകാരും സിനിമ നടന്മാരും നടിമാരും എല്ലാം ആ ചുറ്റുവട്ടത്തെ തന്നെയാണ് താമസം. രാജ്യത്തിൻറെ പ്രസിഡന്റ് അവിടെ ബോട്ട് ഇറങ്ങി നടന്നു പോവുകയും ഇടയ്ക്കു ഞങ്ങളുടെ സ്കൂളിൽ ഒക്കെ ചുറ്റിയടിക്കാൻ വരികയും ഒക്കെ ചെയ്യുമായിരുന്നു.

ആ ഒരു പരിചയം വെച്ചായിരിക്കണം കുട്ടികൾ ചോദിച്ചു:

” മിസ്സിന്നു ഷാരുഖ് ഖാനെ അറിയോ, ഷാരുഖ് ഖാനെന്റെ വീട് മിസ്സിന്റെ വീടിന്റെ അടുത്താണോ? ”

മിക്കവാറും മാൽദീവ്‌സുകാർ ഹിന്ദി സിനിമ പ്രാന്തന്മാർ ആണ്. അവര് ഒരുവിധം ഹിന്ദി സിനിമകളും പാട്ടുകളും അവരുടെ ഭാഷയായ ദിവേഹി യിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട്.

കുട്ടികളെ തകർക്കാൻ ഒരു വഴി എനിക്ക് തുറന്നു തന്ന ദൈവത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഞാൻ തട്ടി വിട്ടു.

“പിന്നെ എന്റെ തൊട്ടപ്പുറത്തെ വീടല്ലേ ഷാരൂഖ് ഖാന്റെ. പിന്നെ സൽമാൻ ഖാനും, അമീർ ഖാനും എല്ലാം എന്റെ അയൽവാസികൾ  ആണേ”.

ഒരു സ്വകാര്യം പോലെ ഞാൻ അവരോടു പറഞ്ഞു:

” ഞാനും ഐശ്വര്യ റായിയും, ശുഷ്‌മിത സെന്നും ഒക്കെ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചതല്ലേ”.

ഹ്മ്മ്മ്…. ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് ഞാൻ തുടർന്നു …

“അതൊക്കെ ഒരു കാലം”.

കുറച്ചു നേരം എങ്കിലും കുട്ടികൾ നിശബ്ദരായി കണ്ണ് തള്ളി ഇരിക്കുന്നത് കണ്ടിട്ട് ഞാൻ നിർവൃതി അടഞ്ഞു. ഐശ്വര്യ റായിയുടെ ക്ലാസ്സ്‌മേറ്റ് ആണെന്ന് കരുതിയെങ്കിലും അവരെന്നെ ഉപദ്രവിക്കാതെ വെറുതെ വിടും അല്ലോ ന്നു ഞാൻ കരുതി. ഞാൻ പ്രതീക്ഷിച്ച അത്രേ ഗുണം അതുകൊണ്ടുണ്ടായില്ലെങ്കിലും കുറച്ചു ദിവസം ഒക്കെ എനിക്ക് അത് കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റി.

അങ്ങിനെ ഞാൻ 3 വർഷത്തോളം മാൽദീവ്‌സ് സ്കൂളുകളിൽ യുദ്ധം നടത്തി ജീവിച്ചു പോയികൊണ്ടിരിക്കുമ്പോഴാണ് ദൈവാനുഗ്രഹം പോലെ ഫിലിപ്പ് മാഷിന്റെ വിവാഹാലോചന വരുന്നത്. ഫിലിപ്പ് മാഷിന് അന്ന് സൗത്ത് അമേരിക്കയിലെ ഗയാന എന്ന സ്ഥലത്താണ് ജോലി.  ഫിലിപ്പ് മാഷിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതുവരെ വിവാഹാലോചനകൾക്കൊന്നും യെസ് പറയാതിരുന്ന ഞാൻ യെസ് പറയാൻ തീരുമാനിച്ചു. എന്റെ വേൾഡ് ടൂറിന്റെ അടുത്ത ട്രിപ്പ് ഗയാനയ്ക്കു ആക്കിയാലോ എന്ന ഒറ്റ ഉദ്ദേശം മാത്രമേ അതിന്റെ പിന്നിൽ ഉണ്ടായിരുന്നുള്ളു.  മാൽഡീവീസിൽ തന്നെ ജോലി ചെയ്യുന്ന 1-2 ആളുകളുടെ വിവാഹാലോചനകൾ നിരസിച്ചിട്ടാണ് ഞാൻ അന്ന് ആ തീരുമാനം എടുത്തത്.

വിവാഹം കഴിക്കാനാണ് ജോലി ഉപേക്ഷിക്കുന്നതെന്നറിഞ്ഞ എന്റെ സൂപ്പർവൈസർ എന്നോട് പറഞ്ഞു:

” നീ നല്ല ഒരു ടീച്ചർ ആണ് . നിന്നെ നഷ്ടപെടുന്നതിൽ ഞങ്ങൾക്ക് വിഷമം ഉണ്ട്. നീ വിവാഹം കഴിച്ചിട്ട് നിനക്ക് അത് ഇഷ്ടപെട്ടില്ലെങ്കിൽ, നിനക്കയാളെ ഡിവോഴ്സ് ചെയ്തിട്ട്, എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടു ജോലിക്കായി തിരിച്ചു വരാം”

“എന്റെ മുൻ ഭർത്താവിന്റെ കൂടെ ഉള്ള ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയാണ്, പക്ഷെ എന്ത് ചെയ്യാനാ, ആ ഫോട്ടോ വീട്ടിൽ വെച്ചാൽ ഇപ്പോഴത്തെ ഭർത്താവിന് അത് അത്രേ ഇഷ്ടപ്പെടില്ല” എന്ന് പരിഭവിച്ച പുള്ളികാരിയാണ് എന്റെ സൂപ്പർവൈസർ.

സൂപ്പർവൈസറുടെ വിവാഹ മംഗള ആശംസകൾ ഈയൊരു  ഷോക്ക് ഓട് കൂടി ഏറ്റുവാങ്ങി ഞാൻ  വളരെ സന്തോഷത്തോടെയും, ആശ്വാസത്തോടെയും മാൽദീവ്‌സ് നോട് വിട പറഞ്ഞു.

P.S. ഈ സൂപ്പർവൈസർ ഇപ്പോഴും എന്റെ fb യിൽ ഉണ്ട് .

Standard